Thursday 22 December 2016 - 10 comments

കൈസാ ഭായ്.



വളരെ സാധാരണപെട്ട ഒരു പ്രഭാതമായിരുന്നു അത്. പതിവ് പോലെ അന്നും മൊബൈൽ ഫോണിലെ  കോഴി കൃത്യ സമയത്ത് തന്നെ വിളിച്ചുണർത്തി. ശരീരത്തിലേക്ക് ഇടിച്ചു കയറുന്ന തണുപ്പിനെ വക വെക്കാതെ ചാടി എണീറ്റ് കാര്യങ്ങളിലേക്ക് കടന്നു.

ഉറക്കത്തിന്റെ ഹാങ് ഓവർ മാറുന്നതിനു മുൻപേ പല്ലു തേച്ചെന്നു വരുത്തി, കളസവും ഷർട്ടും ഓക്കേ ഇട്ട്, കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും നോക്കി സുന്ദരനാണെന്നു ഉറപ്പു വരുത്തി പുറത്തേക്കിറങ്ങി. ജോലി സ്ഥലത്തേക്കുള്ള യാത്രയാണ്.നല്ല കാലാവസ്ഥ. ഇനി കുറച്ച് നാളത്തേക്ക് നല്ല തണവായിരിക്കും. സമയം ആറായെങ്കിലും  വെളിച്ചം വീണിട്ടില്ല.

അന്തരീക്ഷ മലിനീകരണം കുറക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ  ( സത്യായിട്ടും)  ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും കൂടി ഒരു കാറിൽ ആണ് യാത്ര ചെയ്തിരുന്നത്. സഹ പ്രവർത്തകർ എന്നതിലുപരി, അടുത്തടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവരുമായിരുന്നു ഞങ്ങൾ.

രാവിലെ 6 .30നു  സ്റ്റാർട്ട് ചെയ്യുന്ന ഞങ്ങളുടെ ശകടം ട്രാഫിക് ബ്ലോക്കും മറി കടന്നു ഓഫീസിൽ എത്തുമ്പോളേക്കും ഒരു 7.30 - 8.00 ആയിട്ടുണ്ടാകും. വളരെ അപൂർവമായി അതിലും നേരത്തെയും എത്താറുണ്ട്. അങ്ങിനെയുള്ള ഒരു ദിവസമാണ് ഇത് സംഭവിക്കുന്നത്.

സൂര്യൻ കിഴക്ക് പ്രത്യക്ഷപ്പെടുന്നതേയുള്ളു. പക്ഷെ നഗരം നേരത്തെ തന്നെ ഉറക്കമുണർന്നു. അന്നും ഷാർജ - ദുബായ് റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഹോണടിയില്ല. പക്ഷെ എല്ലാം നിരനിരയായി കിടക്കുന്നത് കാണാം. ചിട്ടയോടെ.  പല നിറത്തിലും, വലിപ്പത്തിലുമുള്ള വാഹനങ്ങൾ റോഡിലൂടെ തങ്ങി നിരങ്ങി നീങ്ങുന്നുണ്ട്.

നഗരത്തിലെ തിരക്കിലൂടെ ഞങ്ങളുടെ കാറും ഒഴുകുകയാണ്.

ഓഫീസിലേക്കുള്ള മണിക്കൂറോളം നീണ്ട ഡ്രൈവിങ്  എനിക്ക് എന്നും അരോചകമായിരുന്നു. മാറി മാറി കത്തുന്ന ട്രാഫിക് ലൈറ്റുകളും ..തിക്കും തിരക്കും . എല്ലാം പതിവ് കാഴ്ചകൾ. എന്നും കണ്ടു മുട്ടാറുള്ള പതിവ് മുഖങ്ങൾ.

അങ്ങിനെ ബോറടി മാറ്റാൻ റോഡിൽ അവൈലബിൾ ആയിട്ടുള്ള ഉരുപ്പടികളെയും  കണ്ടു വായും പൊളിച്ച് ഇരിക്കുമ്പോളാണ്, വഴിയരികിലെ ആ മുഖം ശ്രദ്ധയിൽ പെട്ടത്.

പാതയോരത്ത് കാത്ത് നിൽക്കുകയാണ്. കയ്യിൽ ന്യൂസ് പേപ്പറും, കപ്പലണ്ടി പൊതികളുമായ്. മെലിഞ്ഞു നീണ്ട മുഖത്ത് വിഷാദം തുളുമ്പി നിൽക്കുന്ന രണ്ടു വലിയ കണ്ണുകൾ.
ഒന്ന് കൂടി ഞാനാ മുഖത്തേക്കു നോക്കി.

ആ മുഖം കണ്ട ഉടനെ മനസ്സ് മന്ത്രിച്ചു " കൈസാ  ഭായ് " . അത് സത്യമായിരുന്നു.

എന്നെ കണ്ടതും  ഗൗരവമുള്ള ആ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു. പതിവ് ശൈലിയിൽ " കൈസാ ഹേ ഭായ് " എന്ന് ചോദിച്ചു കാറിനു അടുത്തേക്കവൻ വന്നു.  അവനു എന്നെ മനസ്സിലാക്കാൻ , ആലോചിക്കാൻ പോലും സമയം എടുത്തില്ല എന്നെത്തന്നെ അത്ഭുതപ്പെടുത്തി.

ആ തിരക്കിനിടയില്‍ അവന്റെ അടുത്ത് ചെന്ന് സംസാരിക്കുക എളുപ്പമായിരുന്നില്ല. ഞാന്‍ ഉടനെ തന്നെ  എന്റെ ഫോണ്‍ നമ്പര്‍ എഴുതി അവനു  കൊടുത്തു. എപ്പോ വേണമെങ്കിലും വിളിക്കാം.

യാത്രാ മദ്ധ്യേ ഞാന്‍ അവനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. പത്തു വർഷം പിന്നോട്ടുള്ള എന്റെ മെമ്മറി പേജുകൾ ഞാൻ മറിച്ചു നോക്കുകയായിരുന്നു.

" കൈസാ ഭായ് ". അവന്റെ യഥാർത്ഥ പേര് അതല്ല.  ആരെ,  എപ്പോ കണ്ടാലുമുള്ള സ്ഥിരം ചോദ്യമായ  " കൈസാ ഹേ ഭായ് സാബ് " കേട്ട് ഞാനവന്  അവനു ചാർത്തിക്കൊടുത്ത പേരാണത്.  ആ പേര് വിളിച്ച് വിളിച്ച് യഥാർത്ഥ പേര് ഞാൻ മറന്നു പോയിരിക്കുന്നു.

പൊളി ടെക്നിക് പഠനം കഴിഞ്ഞു, കാസർഗോഡ് സൈറ്റ് എഞ്ചിനീയർ ട്രെയിനി ആയി സേവനം അനുഷ്ഠിക്കുമ്പോളാണ് ഞാനവനെ ആദ്യമായി കാണുന്നത്. പണിക്കാരുടെ ഇടയിലെ ഒരു വ്യത്യസ്ത കഥാപാത്രം. ആദ്യം കാണുമ്പോളുള്ള രൂപം ഇന്നും മനസ്സിൽ മായാതെ കിടപ്പുണ്ട്.

വീതി കൂടിയ നെറ്റിത്തടം. ഉന്തി നില്‍കുന്ന പല്ലുകള്‍. കറുത്തിരുണ്ട നിറം. നെറ്റിയില്‍ പണ്ടെങ്ങോ ഉണങ്ങിയ മുറിവിന്‍റെ തിളങ്ങുന്ന പാട്. ഷര്‍ട്ട്‌ ചെറുതായി പിഞ്ഞി കീറിയിട്ടുണ്ട് അവന്റെ ജീവിതം പോലെ. രൂപം പോലെ തന്നെ വിചിത്രമായിരുന്നു അവന്റെ സ്വഭാവവും.

ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ഒരു സംഭവം പറയാം.

ഒരു ഉച്ച സമയം. എല്ലാവരും ഭക്ഷണം കഴിക്കുകയാണ്. ഭക്ഷണം കമ്പനി വകയാണ്. എല്ലാവരും മെസ് ഹാളിൽ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഭായ് മാത്രം എന്നും പാർസൽ വാങ്ങി പോകുന്നത് കാണാം. അടുത്ത ചില ദിവസങ്ങളായി ഞാനവനെ നിരീക്ഷിക്കുകയായിരുന്നു. എനിക്കപ്പോളും മനസ്സിലായില്ല. എന്തിനാണയാൾ പാർസൽ വാങ്ങി പോകുന്നത്? എങ്ങോട്ടാണവൻ പോകുന്നത്? ആകാംഷ അടക്കാൻ വയ്യാതൊരു  ദിനം ഞാനവനെ പിന്തുടർന്നു.

അന്ന് ഞാനൊരു വല്ലാത്ത കാഴ്ച കണ്ടു.

പാർസൽ വാങ്ങിയ ഭക്ഷണപ്പൊതി തുറന്നു വെച്ചിരിക്കുന്നു. അടുത്ത്, നടക്കാൻ കഴിയാത്തതൊരു വൃദ്ധൻ. അയാൾ കഴിക്കുന്നതും നോക്കി ആസ്വദിച്ചു ഇരിക്കുകയാണ് ഭായ്. ഞാൻ ഒരു നിമിഷം അങ്ങിനെ തന്നെ നിന്ന് പോയി. എന്നിലെ സംശയങ്ങളും അഹങ്കാരവും ഇടിഞ്ഞു വീണു. ദിനവുമീ വൃദ്ധനെ കാണാറുണ്ടെങ്കിലും ഇന്ന് വരെ ഒരു രൂപാ തുട്ടുപോലും കൊടുക്കാൻ എനിക്ക് തോന്നിയിട്ടില്ല.

എന്നോട് തന്നെ ലജ്ജ തോന്നിയ നിമിഷങ്ങൾ
.കുറച്ച് കഴിഞ്ഞപ്പോൾ അവൻ വന്നു.  

"പേട് ഭർനെ കേലിയെ  ഘാന ഖാനെ കാ സരൂരത്ത്  നഹി ഹേ ഭായ് സാബ്. ബൂക്ക്നേ വാലോം  കോ ഖിലായെ ഗാ തോ കാഫി ഹേ "
( വയറു നിറയാൻ ഭക്ഷണം കഴിക്കണമെന്നില്ല സാറേ. വിശന്നു വളഞ്ഞിരിക്കുന്നവനെ ഊട്ടിയാലും മതിയാകും. "

ഞാൻ ശരിക്കുമൊന്നു അമ്പരന്നു. എൻറെ മുന്നിൽ നിൽക്കുന്നത് കേവലം ഒരു ഹെൽപ്പർ മാത്രമോ? അതോ ഒരു തത്വ ചിന്തകനോ? ഇതൊരു തുടക്കം മാത്രമായിരുന്നു. അവൻ പിന്നെയും പലതും കാണിച്ചു കൂട്ടി. ഇന്നും എനിക്ക് മനസ്സിലാകാത്ത ഒരു പ്രതിഭാസമായിരുന്നവൻ. ഓരോ തവണ കാണുമ്പോളും സംസാരിക്കുമ്പോളും എനിക്കാ മനുഷ്യനോടുള്ള മതിപ്പു കൂടി കൂടി വരികയായിരുന്നു.

ഓർമകളിൽ ഒരു ബ്രേക്ക് ഇട്ടു കൊണ്ട് മൊബൈലിൽ ഒരു കാൾ വന്നു. അതവനായിരുന്നു. കൈസാ ഭായ്.
" ആപ്പ് സെ ഏക് സരൂരി ബാത് കഹനെ  ഹേ. കബ് മിൽ സക്ത്തേ? ബൂൽനാ മത്ത്. "
( നിങ്ങളെ സൗകര്യം പോലെ ഒന്ന് കാണണം. എനിക്ക് നിങ്ങളോടു ഒരു പ്രധാന കാര്യം പറയാനുണ്ട്. മറക്കരുത് )

ഈ സംഭവം നടന്നിട്ടു മാസങ്ങൾ പലതു കഴിഞ്ഞു. ഇപ്പോളും ഞാൻ ആൾ കൂട്ടത്തിനിടയിലും അല്ലാതെയും തിരയുന്നത് അയാളുടെ മുഖം മാത്രമാണ്. എന്നാലും അയാൾ എങ്ങോട്ടു പോയി? ഇന്നും എനിക്കറിയില്ല. അദ്ദേഹവുമായി സംസാരിക്കുവാൻ നിരവധി തവണ ശ്രമിച്ചു നോക്കി. ഒരു രക്ഷയുമില്ല. ഫോൺ സ്വിച് ഓഫ്. പിന്നീടൊരിക്കലും അവനെ കണ്ടിട്ടില്ല.

എന്തായിരിക്കും അവനു എന്നോട് പറയാനായി ഉണ്ടായിരുന്ന ആ പ്രധാന കാര്യം? എന്നൊരു ചോദ്യം മാത്രം ഉള്ളിൽ ബാക്കിയായി.
Friday 2 December 2016 - 30 comments

സജീവന്റെ പ്രണയാന്വേഷണ പരീക്ഷകൾ


സജീവൻ ഓടുകയാണ്. അതി വേഗത്തിൽ. ശ്വാസം നിലച്ചു പോകുമെന്ന് തോന്നുന്നുണ്ട്. എവിടെയെങ്കിലുമൊന്ന് ഇരിക്കണം.. ഒന്നണക്കണം ,, നെഞ്ച് ശ്വാസം കിട്ടാതെ പിടക്കുന്നു. എന്നാൽ അവനതിന് കഴിയുമായിരുന്നില്ല.

ഓട്ടം തുടരുകയാണ്. കൂടെയുണ്ടായിരുന്നവരെവിടെ?  കുറച്ചു മുൻപ് വരെ അവർ പിന്നിലുണ്ടായിരുന്നു.  ഇടക്കൊന്നു തിരിഞ്ഞു നോക്കുമ്പോൾ വളവു തിരിഞ്ഞവർ ഓടി വരുന്നത് വലതു കണ്ണിലൂടെ കണ്ടു. അവസാനത്തെ തുള്ളി ഊർജ്ജവും സംഭരിച്ചു സജീവൻ ഓട്ടം തുടർന്നു.

സംഗതി ഫ്‌ളാഷ് ബേക്കാ. ഫ്‌ളാഷ് ബാക് എന്ന് പറയുമ്പോ ബ്ലാക്ക് ആൻഡ് വൈറ്റ് വേണ്ടാട്ടാ.. സംഗതി കളറാണ് .

സംഭവം നടക്കുന്നത് തൊണ്ണൂറുകളിലെ ഒരു മഴക്കാലത്താണ്.

മൂക്കിന് താഴെ പൊടിമീശ വന്നു തുടങ്ങിയ കാലം. ഒത്തിരി ഇഷ്‌ട്ടപെട്ട ജീവിതമായിരുന്നു അന്നത്തെ നാളുകൾ. കൂട്ടുകാർ.. എന്തിനും കൂടെ നിൽക്കുന്നവർ .. കരയുമ്പോൾ കൂടെ കരയാനും, ചിരിക്കുമ്പോൾ കൂടെ ചിരിക്കുകയും ചെയ്തിരുന്ന നിഷ്കളങ്കരായ കൂട്ടുകാരും ഉണ്ടായിരുന്ന കാലം. ജീവിതത്തിലെ ഏറ്റവും മനോഹരമായ സൗഹൃദങ്ങളും ദിവസങ്ങളും അന്നായിരുന്നു.

ഞങ്ങൾ മൂന്നു പേരാണ് എപ്പോളും ഒരുമിച്ച് നടന്നിരുന്നത്. ഞാൻ..സജീവൻ..വിനീത്. ഇവരായിരുന്നു ആ മൂവർ സംഘം.

ശാലിനി..
ഞങ്ങളുടെ സ്കൂൾ കാലഘട്ടത്തിലെ പ്രിയ കൂട്ടുകാരിയായിരുന്നു. അവൾ ഒരു സുന്ദരിയായിരുന്നു. ഓമനത്തം നിറഞ്ഞ മുഖം. സംസാരിക്കുമ്പോൾ മുഖത്തെ പ്രസന്ന ഭാവം. ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികൾ. പേരിനൊരു പൊട്ടും, ആർക്കോ വേണ്ടിയെഴുതിയ കണ്മഷിയുമൊഴികെ അധികം ഫിറ്റിങ്സ് ഒന്നുമില്ലാത്ത ഒരു ശാലീന സുന്ദരി. എപ്പോളും രണ്ടു തോഴിമാരുമായി നടന്നിരുന്ന ഒരു നാടൻ ഐശ്വര്യാ റായ്.

തനിക്കു പേരിട്ട അച്ഛനോടുള്ള എന്തെങ്കിലും വൈരാഗ്യം കാരണമാണോ എന്നറിയില്ല, ആ പേരിനോട് യാതൊരു തരത്തിലുമുള്ള നീതിയും കാണിക്കാത്ത വിധത്തിലായിരുന്നു ശാലിനിയുടെ ചില സമയത്തുള്ള പെരുമാറ്റം.

 അവൾക്കറിയുമോ എന്നറിയില്ല, കഴിഞ്ഞ നാല് വർഷമായി സജീവൻ അവളെ അഗാധമായി പ്രണയിക്കുകയായിരുന്നു. ക്ലാസ്സിലേക് പോകുന്ന വഴിയിലും, വീട്ടിലേക്കു പോകുന്ന വഴിയിലുമെല്ലാം അവനുണ്ടായിരുന്നു എന്നും. മീൻ വണ്ടിയുടെ പിന്നാലെ നടക്കുന്ന പൂച്ചയെപ്പോലെ..

അന്നൊരു തിങ്കളാഴ്ച ദിവസം....
മഴ മാറി, മാനം തെളിഞ്ഞിട്ടുണ്ട്. രണ്ടു ദിവസമായി സൂര്യനെ കാണാനേയില്ല. എന്തായാലും ഇന്ന് പതിവിലും കൂടുതൽ തിളക്കമുണ്ട് സൂര്യ രാജാവിന്. സജീവൻ പതിവ് പോലെ അവളുടെ വരവും കാത്തു നിൽക്കുകയായിരുന്നു.

കാത്തിരിപ്പിന് വിരാമമിട്ടു അവ ൾ എത്തി. വെള്ളയും നീലയും യൂണിഫോം ഇട്ടു പതുക്കെ പതുക്കെ കയറി വരുന്നുണ്ട്. ചുരുണ്ട മുടിയിഴകൾ കാറ്റിൽ പാറി പറന്നു കളിക്കുന്നു. തോളത്ത് കറുത്ത നിറത്തിൽ ഒരു ബാഗുണ്ട്. ഭാരം കൊണ്ടാണെന്നു തോനുന്നു, ഇടയ്ക്കിടെ വലതു കയ്യിൽ നിന്നിടത്തോട്ടും, പിന്നെ മറിച്ചും മാറ്റുന്നുണ്ട്.
ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ കടന്നു പോയി.

" പ്രണയ മധുര തേൻ തുളുമ്പുന്ന സൂര്യകാന്തി പൂക്കളായ കണ്ണുകൾ "
ഭാസ്കരൻ മാഷ് ഭാവനയിൽ മാത്രം കണ്ടപ്പോൾ, സജീവനത് നേരിൽ കണ്ടു. ആശകൾക്കും ആഗ്രഹങ്ങൾക്കും ചിറകു മുളച്ചു. പ്രണയം അറിയിക്കാൻ പറ്റിയ സമയമിതാണെന്നു ഞങ്ങളുമവനെ ഉപദേശിച്ചു.

ഒരു നിമിഷത്തെ നിശബ്ദതയെ കീറിമുറിച്ചു കൊണ്ടവൻ പറഞ്ഞു 
" എന്റെ വിശുദ്ധ പ്രണയം ഒളിപ്പിച്ചു വെക്കാനുള്ളതല്ല. ഗളരി പരമ്പര ദൈവങ്ങളാണേ, ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം.

" റോസാപ്പൂവെന്നു വെച്ചാൽ അവള്‍ക്ക്ജീ വനാണ്. പ്രേം നസീറിന്റെ ചിരിയും ഫിറ്റ് ചെയ്തു, ഒരു റോസാപ്പൂവും കയ്യിൽ പിടിച്ചു, അവളോട് നീ കാര്യം പറയൂ."

ദൈര്യം പകർന്നു കൊണ്ട് വിനീതും അടുത്തെത്തി. സുബൈരിക്കയുടെ തോട്ടത്തിൽ നിന്നും റോസ് സംഘടിപ്പിക്കുന്ന കാര്യം വിനീത് ഏറ്റു.

എന്തിനും ഏതിനും ദൈര്യം വിനീതിന്റെ നാവിൻ തുമ്പത്താണ്. ആകാശം ഇടിഞ്ഞു വീണാലും, തട്ട് കേടു പറ്റാതെ നിൽക്കാനുള്ള സൊലൂഷനൊക്കെ അവന്റെ കൈവശം എപ്പോളും ഉണ്ടായിരുന്നു.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.

പൂന്തോട്ടവും, ചുറ്റും മതിലുമുള്ളൊരു വീടായിരുന്നു അത്. അതി മനോഹരമായ പൂന്തോട്ടം. പതിനാലു നിറങ്ങളിലെ  റോസാപ്പൂക്കളും, നാല്പതോളം ഓർക്കിഡുകളും , ജമന്തിയും മന്ദാരവും ഒക്കെ നിറഞ്ഞു സുന്ദരമായ ഒരു തോട്ടമായിരുന്നു അത്. ' പൂക്കൾ പറിക്കരുത്  ' എന്നൊരു ബോർഡും സ്ഥാപിച്ചിരുന്നു.

ഞാൻ ചുറ്റും കണ്ണോടിച്ചു. സിറ്റ് ഔട്ടിൽ ആരെയും കാണുന്നില്ല. കണ്ണ് ചിമ്മുന്ന നിമിഷം. പിന്നിലാരോ പാഞ്ഞടുക്കുന്നത് പോലൊരു തോന്നൽ. പിന്തിരിഞ്ഞു നോക്കിയ ഞങ്ങൾ കുടുങ്ങിപ്പോയി.

തിളങ്ങുന്ന കുഞ്ഞിക്കണ്ണുകളാണ് ആദ്യം ശ്രദ്ധയിൽ പെട്ടത്.
"ഗ്രർ.." എന്ന് ശുനാകൻ മുരളുന്ന ശബ്ദം.

തൊട്ടരികെ..കരുത്തനും, ഭീമാകാരനുമായ ഒരു ശുനക പുത്രൻ. കണ്ടാൽ കേമൻ. ഏതോ വിദേശ പിതാവിനുണ്ടായ സന്തതി. ചെമ്പു ചാര നിറത്തിലുള്ള സമൃദ്ധമായ രോമം. കുറുക്കന്റെത് പോലുള്ള മോന്തായം. കണ്ടാൽ ശൗര്യമൊക്കെ തോന്നും. പട്ടിയെ കണ്ടതും, എന്റെ മനസ്സിൽ പാറമേക്കാവ് വെടിക്കെട്ടിനു തീ കൊളുത്തിയ പോലെ വെടി ക്കെട്ടു തുടങ്ങി.

ഭയം എന്ന വികാരം ഇതായിരിക്കുമോ.?

" പട്ടി കടി കൊണ്ടവൻ. പുച്ഛത്തോടെയുള്ള ശാലിനിയുടെ നോട്ടം. പൊക്കിളിനു ചുറ്റും കുത്തേണ്ട 16 ഇഞ്ചക്ഷനും ഒരു മിന്നൽ പിണർ പോലെ മനസ്സിലൂടെ കടന്നു പോയി. ദൈവമേ...ഇന്ന് ആരെയാണ് കണി കണ്ടത്?.
ഞാൻ നായയുടെ നേരെ തിരിഞ്ഞു.
" പോടാ..പട്ടീ..എന്ന് പറഞ്ഞു. വളരെ ഉറക്കെ. മലയാളം മനസ്സിലാവാത്ത കാരണമായിരിക്കും, അതങ്ങിനെ പോകാൻ കൂട്ടാക്കുന്നില്ല.

സജീവനും വിനീതും നായയെ ദയനീയമായി നോക്കി കൊണ്ട് തൊഴുതു നിൽക്കുകയാണ്. ആ അപൂർവ്വ രംഗം, യുവജനോത്സവ വേദികളിലെ ടാബ്ലോ മത്സരങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു.പട്ടിയുടെ നോട്ടം കണ്ടിട്ടൊരു പന്തികേട്. ഞങ്ങളുടെ നാല് കണ്ണുകൾ ഉടക്കി നിന്നു.
" യാരത്...യാരത്...? ഏതുക്കാകെ വന്നെൻ...?  "
എന്ന് നാഗവല്ലി സ്റ്റൈലിൽ " ബൗ..ബൗ.." എന്നൊരു ഗർജ്ജനം. പട്ടിയുടെ നോട്ടങ്ങൾക്കും ഇത്രയധികം അർത്ഥമുണ്ടെന്നു അപ്പോളാണ് മനസ്സിലായത്.

കല്ലെടുക്കാൻ കുനിഞ്ഞാൽ EYE CONTACT നഷ്ടപ്പെടും. ഞാൻ ശക്തമായി മുരളാനും പുസ്തകമെറിയുന്ന പോലെ കാണിക്കാനും തുടങ്ങി.

ടിക്.... ടിക്.. സെക്കന്റുകൾ കൊഴിയുന്നു. ഉദ്യോഗജനഗമായ നിമിഷങ്ങൾ. എല്ലാ മുഖങ്ങളിലും ആശങ്കയുടെ നിഴലാട്ടം. മൂക്കിൻ തുമ്പത്ത് ഉരുണ്ടു കൂടിയ വിയർപ്പു തുള്ളി താഴേക്ക് ചാടാൻ അനുവാദം കാത്ത് നിന്നു. എന്റെ കാലു രണ്ടും അനുസരണയില്ലാത്ത പോലെയാണ് പേടി കൊണ്ട് വിറക്കുന്നത്.

പന്തിയല്ലെന്ന് തോന്നിയത് കൊണ്ട് ഞാനും അറിയാതെ തന്നെ ഓട്ട ത്തിനു ട്രാക്കിൽ വിസിൽ കേൾക്കാൻ നിൽക്കുന്ന പോസിലായി.
പട്ടിക്കുണ്ടോ നിയമവും കോടതിയും. അന്യനോരാൾക്ക് ഒരു ഉണക്കച്ചുള്ളിയെടുക്കാൻ പോലും അനുവാദം നൽകാത്ത..തന്റെ പേരിനു ദോഷം വരുന്നതൊന്നും വച്ച് പുലർത്താത്ത ടൈഗർ മടിച്ചു നിന്നില്ല. ഒറ്റ ചാട്ടം. അവന്റെ ഒരു ലോങ്ങ് ജമ്പിനു കടി കിട്ടിയത് വിനീതിന്റെ മുണ്ടിന്റെ തുമ്പത്ത്. മുണ്ടു അതിന്റെ വഴിക്ക് പോയി.കടിക്കുന്ന പട്ടിയുടെ മുന്നിലുണ്ടോ നാണംസ്‌ & മാനംസ് ?

കൂടുതൽ ചിന്തിക്കാൻ നേരമില്ല.

 തോമസുട്ടിയെ മനസ്സിൽ ധ്യാനിച്ച് ഞാൻ ഓടി. പിറകെ വിനീതും. പണ്ട് ആർക്കിമിഡീസ് ഓടിയ അതെ പാറ്റേണിൽ . ഒരു ചെറിയ വെത്യാസമെന്തെന്നു വെച്ചാൽ, ആർക്കിമിഡീസ് " യുറേക്കാ..യുറേക്കാ.." എന്നും, വിനീത് വിളിച്ചത്  " സുബൈറിക്കാ..സുബൈറിക്കാ ..." അത്ര മാത്രം. അത് വരെ റിലീസ് ആയ എല്ലാ തെറികളും വിളിച്ചു സജീവനും..ഹച്ചിലെ പരസ്യം പോലെ ശുനക പുത്രനും തൊട്ടു പിന്നാലെ തന്നെയുണ്ട്.

നായ എന്തോ ഒളിമ്പിക്സ് സ്വർണം നേടാനെന്ന ഭാവേനെ,  പിന്നാലെയുള്ള ഓട്ടം ഒന്ന് കൂടി മെച്ചപ്പെടുത്തി. ചെളി നിറഞ്ഞ പാതകളിൽ തെന്നിയും വീണുമുള്ള ഓട്ടത്തിന്റെ വേഗതയിൽ , ശാലിനിയുടെ അടുത്തെത്തിയത് വളരെ പെട്ടെന്നായിരുന്നു. നേരത്തെ ഞങ്ങളാണ് അവരെ നോക്കി ചിരിച്ചതെങ്കിൽ, ഇപ്പൊ സംഗതി നേരെ തിരിച്ചായി. അവരുടെ ചിരി പരിഹാസം കലർന്നതായിരുന്നു എന്നൊരു കുഞ്ഞു വ്യത്യാസമേ ഉണ്ടായിരുന്നുള്ളു.

ദൈവ ദൂതനെ പോലെയെത്തിയ സുബൈറിക്ക പട്ടിയെ പേര് വിളിച്ചതും, ശുനക രാജൻ ശാന്തൻ. സൽസ്വഭാവി..ഒന്നുമറിയാത്ത കുഞ്ഞു വാവയായി. കുര രൂപാന്തരപ്പെട്ടു ഒരു ചെറു മോങ്ങലായി മാറുകയും, യാതൊന്നും സംഭവിക്കാത്ത പോലെ ഒരു മൂലയിൽ പോയി കിടന്നു.

ഉദ്യോഗ ജനകമായ കഴിഞ്ഞ ഏതാനും നിമിഷങ്ങളെ ഓർത്തു മനസ്സിനെ പാകപ്പെടുത്തി സജീവൻ മനസ്സിലുറപ്പിച്ചു. എന്ത് തന്നെ വന്നാലും ഇനിയൊരവസരത്തിലേക് മാറ്റി വെക്കുന്ന പരിപാടിയില്ല

ശ്..ശ്..ടോക്..ടോക്.. എന്നൊക്കെ ശബ്ദമുണ്ടാക്കി അവളുടെ ശ്രദ്ധ ആകർഷിച്ചു. അവൾ അടുത്ത് വന്നതും, സകല ധൈര്യവും ചോർന്നു പോകുന്നത് പോലെയായി. നാവു നിശ്ചലമാകുന്നു. അവളുടെ ചോദ്യ ഭാവത്തിലുള്ള നോട്ടവും കൂടി കണ്ടതോടെ, " ഈശ്വരാ...മുട്ടിടി വാട്ടർ സപ്ലൈ ഒന്നും വരുത്തരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് രണ്ടും കൽപ്പിച്ചവൻ കയ്യിലുള്ള റോസ് അവളുടെ നേരെ നീട്ടി പറഞ്ഞു.
" എനിക്ക് നിന്നോട് ഭയങ്കര പ്രേമമാണ്. 
നിനക്കെന്നെ ഇഷ്ട്ടമെങ്കിൽ ഇത് വാങ്ങൂ.."

പതിവ് ചിരിയിൽ നിന്നും വിഭിന്നമായി സജീവന്റെ കയ്യിലെ റോസാപ്പൂവും നീട്ടിയുള്ള നിൽപ്പ് കണ്ടു ആദ്യമൊന്നു അന്താളിച്ചെങ്കിലും അവളത് വാങ്ങി, പഞ്ച് ഡയലോഗ് പറഞ്ഞു കഴിഞ്ഞു സ്ലോ മോഷനിൽ നടന്നു പോകുന്ന വാണി വിശ്വനാഥിനെ പോലെ അവൾ തിരിഞ്ഞു നടന്നു. 

ആധുനിക സിനിമയിലെ പുഷ്പ വൃഷ്ടിയും ..പാട്ടും നൃത്തവും ഒന്നും അകമ്പടിക്ക് ഉണ്ടായില്ലെന്ന് മാത്രം. കണ്ണിൽ നിന്നും മറയുന്നത് വരെ അവൻ അവളെ തന്നെ നോക്കി കൊണ്ടിരുന്നു. ഇടക്കിടെ അവളും പുറം തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അവളാ പോക്ക് പോയത് അവന്റെ ലതും കൊണ്ടായിരുന്നു. " ഹാർട്ട്"