Sunday 2 October 2016 - 16 comments

ജീവിത യാത്രയിലെ ചൂളം വിളികള്‍.


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, മനസ്സ് രാജീവ് ഗാന്ധി മരിച്ചതിന്റെ പിറ്റേന്നത്തെ ഓൾ ഇന്ത്യ റേഡിയോ പോലെയായിരുന്നു. ഫ്‌ളാറ്റിൽ മടുപ്പിക്കുന്ന നിശബ്ദത മാത്രം. സൂചി തറയിൽ വീണാൽ കേൾക്കാവുന്ന, നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ടാപ്പിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നു.

ഇവിടെയുള്ള വായുവിൽ പോലും നനുത്തൊരു താരാട്ടു പാട്ടിന്റെ ഈണമുണ്ടായിരുന്നു. സ്നേഹത്തിന്റെ ഗന്ധമുണ്ടായിരുന്നു. ആ കാറ്റെവിടെ? താരാട്ടു പാട്ടുകളെവിടെ?

എത്ര വേഗമാണ് എല്ലാം അവസാനിച്ചത്.!!!!!

മിഴി മൂടിയ കണ്ണീർകണങ്ങൾക്കിടയിലൂടെ അയാളാ മുറി ആദ്യമായി കാണുന്നത് പോലെ നോക്കി.

കുഞ്ഞു വാവയുടെ കരച്ചിലും.. അവ്യക്ത ശബ്ദങ്ങളും..ഭാര്യയുടെ ഉപാദേശങ്ങളും ഫ്ലാറ്റിൽ ഇപ്പോൾ മുഴങ്ങുന്നില്ല. അടുക്കളയിൽ പാത്രങ്ങളുടെ കല പില ശബ്ദമില്ല. ഒരു മാസം മുൻപ് ഇവിടം സ്വർഗമായിരുന്നു. ശബ്ദ മുഖരിതമായിരുന്നു. ഇപ്പോൾ ശ്മാശാന മൂകത. സന്തോഷം കളിയാടിയ ഈ വീട്ടിൽ എത്ര പെട്ടെന്നാണ് ദുഃഖത്തിന്റെ കരി വണ്ടുകൾ മൂളിപ്പറക്കാൻ തുടങ്ങിയത്? 

ജീവിതത്തിൽ നീ എന്ത് നേടി?.. എന്താണ് സംഭവിച്ചത്? എവിടെയാണ് നിനക്കു പിഴച്ചത്? .. ആർക്കാണ് പിഴച്ചത്?

ഒറ്റക്കിരുന്നു നൂറു നൂറു ചോദ്യങ്ങൾക്കുള്ള ഉത്തരം തേടേണ്ട സമയമായിരിക്കുന്നു. മനസ്സിന്റെ കോടതിയിൽ ഒരു വിചാരണ നടക്കുകയാണ്. ബന്ധങ്ങളുടെ വിചാരണ.

തിരക്കുകൾ ജീവിതത്തിന്റെ നിറം കെടുത്തുന്നുവോ?
ചില ആത്മ സൗഹൃദങ്ങളെല്ലാം അകലുന്നുവോ?
സ്വന്തമെന്നു കരുതിയവരെല്ലാം അപരിചിതർ ആകുന്നോ?

ചിലപ്പോൾ വെറും തോന്നലുകൾ ആയിരിക്കാം. ചിലപ്പോൾ ഈ തോന്നലുകൾ എല്ലാം ശെരിയായിരിക്കാം. ജീവിതത്തിന്റെ വല്ലാത്തോരു ഘട്ടത്തിൽ കൂടി സാഞ്ചരിക്കുന്നത് പോലെ തോന്നി. എല്ലാവര്ക്കും ഇങ്ങിനെയൊക്കെ തന്നെ ആയിരിക്കുമോ? ആരെങ്കിലും ഒരാൾ ഒരാൾക്ക് വേണ്ടി തോൽക്കാറുണ്ടോ? തോറ്റു കൊടുക്കാറുണ്ടോ?

ഭ്രാന്തു പിടിച്ചവനെപ്പോലെ അവൻ കയ്യിലിരുന്ന കപ്പ് വലിച്ചെറിഞ്ഞു അടുത്തുള്ള സോഫയിലേക്ക് മറിഞ്ഞു. കൈകൾ പിറകിൽ പിണച്ചു വെച്ച് കൊണ്ട് അയാൾ മച്ചും നോക്കി കിടന്നു. കുറച്ചു നേരം അങ്ങിനെ കിടക്കുമ്പോൾ കറങ്ങി കൊണ്ടിരിക്കുന്ന ഫാനിന്റെ ചലനത്തിന് അനുസൃതണമായി കണ്ണുകൾ കറങ്ങുന്നത് പോലെ തോന്നി.

മനസ്സിൽ ഒരു കടലിരമ്പുകയാണ്. ആർത്തലച്ചെത്തുന്ന തിരമാലകൾ മനസ്സിന്റെ മൃദുല തീരങ്ങളിൽ കൊലവിളി നടത്തുകയാണ്.

എസി യുടെ തണുപ്പിനോ ഫാനിന്റെ കാറ്റിനോ മനസ്സിലെ അഗ്നി ശമിപ്പിക്കാനായില്ല. ചുവരിലെ ഘടികാരം 11 മണിയായെന്നറിയിച്ചു. ഓരോ മണിയൊച്ചയും കൂടം കൊണ്ടുള്ള അടിയായി ശിരസ്സിൽ പതിയുന്നു. വിശപ്പ് വല്ലാതെ അവനെ അസ്വസ്ഥനാക്കുന്നുണ്ട്. വിശപ്പ് സഹിക്കാൻ കഴിയുന്നില്ല.

അടുക്കളയിലേക്ക് ഒന്ന് നോക്കി. വെറുതെ..
അവനറിയാം ഇനിയുള്ള നാളുകളിൽ ഉണ്ടാക്കി തരുവാൻ ആരുമില്ല കൂടെ. ആ വലിയ വീടിന്റെ ചുമരുകൾക്കു പിന്നിൽ എവിടെയോ ദീർഘ നിശ്വാസങ്ങൾ വീണുടഞ്ഞു.

പുറം കാഴ്ചകളിൽ പിന്നോട്ട് അകലുന്ന ദൃശ്യങ്ങൾ പോലെ ചിന്തകൾ തന്നെ വിട്ടു പോയെങ്കിലെന്നു അയാൾ ആഗ്രഹിച്ചെങ്കിലും , ഒന്നിന് പിറകെ മറ്റൊന്നായി കൂടുതൽ ചിന്തകൾ അയാളുടെ മനസ്സിലേക്ക് കടന്നു വന്നു കൊണ്ടിരുന്നു.

നാലഞ്ചു വര്ഷം ഒന്നിച്ചു താമസിച്ച വാടക ഫ്ലാറ്റിൽ നാളെ പുതിയ താമസക്കാർ എത്തുകയാണ്. കണ്ണ് തുടച്ചു കൊണ്ട് എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അയാൾ കിടപ്പു മുറിയിലേക്കോടി .

മുന്നോട്ടു നടക്കവേ കാലിലെന്തോ  തട്ടി. നോക്കിയപ്പോൾ മകളുടെ കാറാണ്. ആ കാറിലായിരുന്നു അവളുടെ ജീവൻ. അത് ഞാനെങ്ങനെ ഉപേക്ഷിക്കും ? അത് കുപ്പയിൽ തള്ളാൻ മനസ്സ് വന്നില്ല. അവരുടെ സാനിദ്ധ്യം അനുഭവപ്പെടുവാൻ എനിക്കത് ധാരാളം. ഓരോ കളിപ്പാട്ടവുമയാൾ നെഞ്ചോടു ചേർത്തു..കണ്ണ് നീർ തുള്ളികളുടെ കലർപ്പു കലർന്ന ഉമ്മകളേകി . എൻറെ മകൾ ഇപ്പോൾ എന്റെ കൂടെയില്ല.

തന്റെ കുഞ് .. പാതി മുറിഞ്ഞൊരു നിലവിളി അയാളുടെ തൊണ്ടയിൽ തട്ടി തടഞ്ഞു.

കണ്ണീരിൽ കുതിർന്ന കവിളുകളും വിറയ്ക്കുന്ന ചുണ്ടുകളുമായി എല്ലാം തകർന്നു പോയവന്റെ വേദനയോടെ അയാൾ മുട്ട് കുത്തി.

ഒന്ന് പൊട്ടിക്കരയണം  ഉറക്കെ.. എല്ലാ നോവും കണ്ണീരിലലിയിച്ചു ..എല്ലാം മറന്നു ഒരു കുഞ്ഞിനെ പ്പോലെ ഒന്ന് പൊട്ടിക്കരയണം . തടഞ്ഞു വെച്ചിരുന്ന നോവെല്ലാം  കണ്ണുനീരായി കവിൾ നനച്ചൊഴുകി. ഒരച്ഛന്റെ വാത്സല്യ ഹൃദയം തകർന്നുള്ള നിലവിളികളായി ചുവരുകളിൽ തട്ടിത്തെറിച്ചു.

പൊടുന്നനെയുണ്ടായ ഉൾവിളിയെന്നപോലെ അയാൾ ചാടി എണീറ്റു.
ഇല്ല... താൻ കരഞ്ഞു കൂടാ..തളർന്നു പോകാൻ തനിക്ക് അവകാശമില്ല.

മകളുടെ ഉടുപ്പുകളും കളിപ്പാട്ടങ്ങളും ഞാൻ കാറിന്റെ ഡിക്കിയിൽ വെച്ചു. യാത്ര പറഞ്ഞു ഫ്‌ളാറ്റിന്റെ പടികളിറങ്ങുമ്പോൾ പിറകിൽ നിന്നൊരു വിളി കേട്ടു.

" പപ്പാ..."

മകളുടെ പതിവ് വിളി. കുസൃതിച്ചിരി കണ്ണിലൊളിപ്പിച്ച് അവൾ വാതിലിനു പിറകിൽ നിൽക്കുന്നത് പോലെ..

ഇല്ല. എനിക്ക് തോന്നിയതാണ്. ഞാനിപ്പോൾ ഏകനാണ്. എന്നും ഞാൻ തനിച്ചായിരുന്നു എന്റെ യാത്രകളിൽ. ഇനിയും ഞാൻ തനിച്ചാണ് എന്റെ യാത്രയിൽ. എങ്കിലും വെറുതെ ഒരു നിമിഷത്തേക് ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി 

" ഒന്ന് തിരികെ നടന്നു കൂടെ? "
ഷാഹിദ്.
പെരിഞ്ഞനം.