Thursday 17 September 2015 - 46 comments

സൗഹൃദം വഴി മാറുമ്പോൾ


ഒരു വീക്കെൻഡിലെ ആലസ്യത്തിൽ  കിടക്കയിൽ നിന്നുമെഴുന്നേൽ ക്കാതെ, ഒരു കയ്യിൽ ചായയും മറുകയ്യിൽ മൊബൈലുമായി ഇരിക്കുമ്പോളാണ് അവൾ അത് ചോദിച്ചത്

" നിങ്ങൾ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ? "

തികച്ചും അപ്രതീക്ഷിതമായിരുന്നു ഭാര്യയുടെ ആ ചോദ്യം.അവളുടെ ചോദ്യത്തിന് പെട്ടെന്ന് " ങേ.."എന്ന ഞെട്ടലോടെയാണ് ഞാൻ പ്രതികരിച്ചത്. 

" ആരാ ഈ ആതിര? "

രൗദ്ര ഭീമനെ പോലെ വന്ന അവളെ കണ്ടു ഞാൻ ഒന്നു പകച്ചു.കുടിച്ച ചായയുടെ പകുതി അറിയാതെ തുപ്പിയ ഞാൻ ടിഷ്യൂ കൊണ്ട് ഷർട്ട്‌ തുടച്ച്, കുറച്ച് നേരമായി അണ്ണാക്കിലോട്ടു ഇറങ്ങിപ്പോയ നാവ് വലിച്ചെടുത്ത് ഞാൻ ചോദിച്ചു. 
"എന്താ ഇപ്പൊ ഇങ്ങിനെയൊരു ചോദ്യം? "

കണ്മുന്നിൽ വന്നിട്ടും...
നിന്നരികിൽ നിന്നിട്ടും...
നീയെന്നെ കാണാതെ പോയതെന്തേ..?
ഒരിക്കലെൻ സൂര്യനും ചന്ദ്രനും..
നിഴലും നിലാവും നീയായിരുന്നു.
അന്നെന്നക്ഷരങ്ങൾ നിനക്കായ് 
നിനക്കായ് മാത്രം ജനിച്ചിരുന്നു.
അന്ന് മൗനമായ് പാറി പറന്നു പോയ്‌ നീ..
ഇന്ന് ഈ കൂട്ടിൽ ഞാൻ തനിച്ചായിപ്പോയി.
നീ തിരിച്ചറിയാതെ പോയ എന്റെ പ്രണയം തന്നെയാണ് നിന്നോടുള്ള എന്റെ ഏറ്റവും വലിയ വികാരം.ഒരുപാട് സ്നേഹത്തോടെ...ആതിര.

അലമാരയിൽ നിന്നും സാധനങ്ങളും പുസ്തകങ്ങളും മാറ്റുന്നതിനിടയിൽ കിട്ടിയ ഡയറിയും കയ്യിൽ പിടിച്ച് ഒരു കുറ്റാന്വേഷകയെ പോലെ അവൾ അത് വായിക്കുകയായിരുന്നു. 

ആരാണീ ആതിര? എനിക്കിപ്പോ അറിയണം.കോഴിക്കുഞ്ഞിനെ കണ്ട പരുന്തിനെ പ്പോലെ ചോദ്യങ്ങളുമായി എനിക്ക് ചുറ്റുമവൾ വട്ടം കറങ്ങി.  

ഒരു നിമിഷം..എന്റെ കണ്ണുകൾ പിടച്ചു.ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി.എന്ത് പറയണമെന്നറിയാതെ മിഴിച്ചു നിന്ന് പോയ്‌ ഞാൻ.

ഞാൻ മറവിയുടെ പുസ്തക താളുകൾ പതുക്കെ മറിച്ചു.അതാ ആ താളുകൾക്കിടയിൽ പഴയൊരു മൌനാനുരാഗത്തിന്ടെ നിറം മങ്ങിയ മയിൽ പീലി.എന്റെ മനസ്സ് പിറകോട്ട് പാഞ്ഞു.

പതിനഞ്ച് വർഷം പിറകിലേക്ക്...

അന്നെനിക്ക് മധുരപ്പതിനെഴ്.പത്താം ക്ലാസ് കഴിഞ്ഞ് ചെറിയൊരു പൊടി മീശയും..അനുസരണയില്ലാതെ നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടിയും..കൂണിടി വെട്ടി മുളച്ച കൂണ്‍ പോലെ,അവിടവിടെയായി മുളച്ചു നിൽക്കുന്ന താടി രോമങ്ങളും  എന്തിനാടാ മോനേ നിനക്ക് x -ray എന്ന് ഡോക്റ്ററെ കൊണ്ട് ചോദിപ്പിക്കുന്ന വിധത്തിലുള്ള കിടിലൻ ബോഡിയുമായി  കൗമാരം വിട്ട് യുവത്വത്തിൻറെ പുരയിലേക്ക്‌ കടക്കാൻ തുടങ്ങുന്ന കാലം.

ഇന്നത്തെ പോലെ തന്നെയായിരുന്നു ഞാൻ അന്നും.എക്സ്ട്രാ ഡീസന്റ്. ....മിതഭാഷി...ആരോടും അതിര് വിട്ട അടുപ്പവും ഇല്ല .വിദ്വേഷവും ഇല്ല.ഇടക്കൊക്കെ ചില്ലറ ഊടായ്പ്പുകൾ കാണിക്കുമെന്നു മാത്രം.

അത് പക്ഷെ ഉണർന്നിരിക്കുമ്പോൾ മാത്രം.

അന്നൊരു തിങ്കളാഴ്ച ദിവസം...
ചാറ്റൽ മഴ നിന്നെ പനി പിടിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെ പെയ്തു കൊണ്ടിരുന്ന ഒരു തണുത്ത ജൂണ്‍ മാസ പുലരി. 

"എനിക്കൊരു ഗേൾ ഫ്രണ്ട് വേണമെടാ "എന്നും പാടി ബസിറങ്ങി കോളെജിലേക്ക് നടക്കുകയായിരുന്നു.പാട്ട് കേട്ട് അത് പ്രാർത്ഥനയായി ദൈവം തെറ്റിദ്ധരിച്ചത് കൊണ്ടാണോ എന്നതറിയില്ല ,മഴയിൽ നിന്നും രക്ഷപ്പെടാനായി ഒരു പെണ്‍കുട്ടി എന്റെ കുടയിലേക്ക് ഓടിക്കയറി. വെളുത്തു മെലിഞ്ഞു.... മാന്മിഴികളുള്ള    പൊക്കം കുറഞ്ഞ ഒരു സുന്ദരി.
മഴ അനുഗ്രഹമാകുന്ന നിമിഷങ്ങളിൽ ഒന്ന്...
എന്റെ കണ്ണുകൾ ഞാനറിയാതെ വീണ്ടും അവളിലേക്ക്.
അവളൽപ്പം നനഞ്ഞിരുന്നു.മുഖത്ത് വീണ് കിടന്ന മുടി അവൾ ഭംഗിയായി ഒതുക്കി വെച്ചു.കണ്‍പീലികളിൽ തങ്ങി നിന്ന മഴത്തുള്ളികൾ വൈരം പോലെ തിളങ്ങുന്നുണ്ടായിരുന്നു 

സിനിമയിലായിരുന്നെങ്കിൽ നായകനും നായികയും അമേരിക്കയിൽ പോയി ഡാൻസും കളിച്ചു നാട്ടിൽ തിരിച്ചു വന്ന് കല്യാണം കഴിക്കുന്ന BGM തുടങ്ങേണ്ട നിമിഷം.

എളിമ..വിനയം..ഭവ്യം ..മുതലായ അദൃശ്യഭാവങ്ങളെ ആവാഹിച്ച്  സ്വന്തം പൂമുഖത്ത്  കുടിയിരുത്തി..വിനയ കുനയനായി ഞാൻ ചോദിച്ചു.
" എന്താ പേര്? "
ആതിര. 
ജൂനിയർ ബാച്ചിലെ പെണ്‍കുട്ടിയാണ് ആതിര.അതികം ആരോടും സംസാരിക്കാത്ത പ്രകൃത മായിരുന്നു അവളുടേത്‌.അനിയത്തി പ്രാവ് കണ്ട നാൾ മുതൽ ഞാൻ മനസ്സില് ആലോചിച്ചതാണ് മിനിയെ പോലെ എനിക്കും ഒരു പെണ്ണ്.അത് എന്ത് കൊണ്ട് ഇവൾ ആയിക്കൂടാ?
പ്രതീക്ഷ എന്റെ മുഖത്തേക്ക് ടോർച്ച ടിച്ചു.

കണ്ട ഉടനെ പോയി  "I FALLEN IN LOVE WITH YOU " എന്ന് പറയാൻ ഞാൻ ഗൗതം മേനോന്റെ പടത്തിലെ നായകനോന്നും അല്ലാലോ.അത് കൊണ്ട് തന്ത്രപൂർവ്വം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു. 

അവളുടെ ഇഷ്ട്ടങ്ങൾ അവളറിയാതെ ഞാൻ മനസ്സിലാക്കി.കവിതകളോട് ചങ്ങാത്തം കൂടിയിരുന്ന അവൾ നല്ലൊരു എഴുത്തുകാരി കൂടിയായിരുന്നു.

അന്നുമുതൽ ചുറ്റുപാടിൽ കാണുന്ന ഓരോന്നിനും ഞങ്ങൾ ഓരോ കഥകൾ ചമച്ചു കൊണ്ടിരുന്നു.അതിൽ ചിരിയും കരച്ചിലും..നിരാശയും..പ്രതീക്ഷയും ഒക്കെ ഉണ്ടായിരുന്നു.പ്രാക്ടിക്കൽ ക്ലാസ്സിലെ സ്റ്റോപ്പ്‌വാച്ചും...ക്യാമ്പസിലെ ഏകാകിയായ കിണറും...ജാടക്കാരൻ മാഷും..ബസിലെ യാത്രയും...എല്ലാം ഞങ്ങളുടെ കഥയിലെ നായികാ നായകന്മാരായി.പക്ഷെ ഞാൻ ഒരിക്കലും എന്റെ കഥയും..അവൾ അവളുടെ കഥയും പറഞ്ഞിരുന്നില്ല. .

മൂന്നു മാസം കൊണ്ട് അവളുമായി നല്ലൊരു സൗഹൃദം സ്ഥാപിചെടുക്കുവാൻ കഴിഞ്ഞു.മറ്റാരെക്കാൾ കൂടുതൽ സമയം അവൾ എന്നോടൊപ്പം ചിലവഴിക്കാൻ തുടങ്ങി.

അതോട് കൂടി എനിക്കൊരു കാര്യം മനസ്സിലായി.എനിക്കെന്തോ കുഴപ്പമുണ്ട്.ഇപ്പോൾ കണ്ണടച്ചാൽ അവൾ പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം പാടാൻ തുടങ്ങി.ഞാനത് ഒളിഞ്ഞു നോക്കുന്ന ജയറാമായി മാറി.

ഒരിക്കലെങ്കിലും മനസ്സ് തുറക്കണമെന്നുണ്ട് .പക്ഷെ സൗഹൃദത്തിന്റെ ആഴം കൂടുംതോറും ഇഷ്ട്ടം തുറന്നു പറയാനുള്ള ഭയം വർദ്ധിച്ചു കൊണ്ടിരുന്നു.സൗഹൃദം എന്ന ശക്തമായ ബന്ധത്തെ "I LOVE YOU " എന്ന മൂന്നു അക്ഷരം കൊണ്ട് തകര്‍ക്കുവാന്‍ ഞാന്‍ ഭയന്നു.ഇങ്ങിനെയൊരു സ്നേഹവും കരുതിയാണോ നീ സൗഹൃതത്തിനു വന്നതെന്നൊരു ചോദ്യം അവള്‍ ചോദിച്ചാല്‍ എനിക്കൊരുത്തരം നല്‍കുവാന്‍ കഴിയുമായിരുന്നില്ല.

സുദീര്‍ഗമായ സൗഹൃതത്തിനു ശേഷം ഞാന്‍ അവളെ എന്‍റെ ഇഷ്ട്ടം കഥയിലൂടെ അറിയിക്കുവാന്‍ തീരുമാനിച്ചു.അങ്ങിനെ ഞാന്‍ ആദ്യമായി എന്‍റെ മനസ്സ് കഥയാക്കി എഴുതാന്‍ തുടങ്ങി.ചിന്തകള്‍ പേനതുമ്പിലൂടെ പെയ്തൊഴിഞ്ഞപ്പോള്‍ അതിനൊരു വരിയുടെ നീളം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
"ആതിരാ..നിന്നെ ഞാന്‍ അറിയാതെ ഒരുപാട് ഇഷ്ട്ടപെട്ടു പോയിരുന്നു."   

ഞാന്‍ എഴുതിയ വരികളിലൂടെ അവളെന്നെ നാളെ തിരിച്ചറിയും.ഇത്തിരി പേടിയുണ്ടെങ്കിലും ഒത്തിരി അവളെ ഇഷ്ട്ടമായത് കൊണ്ട് എവിടെന്നോ കിട്ടിയ ദൈര്യവുമായി ഞാന്‍  കഥയുമായി അവളുടെ അടുത്തേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു.

ഞെട്ടിക്കുന്ന വാര്‍ത്തയുമായിട്ടാണ് പിറ്റേ ദിവസം പുലർന്നത് .ആതിരയും ജിതേഷും  പ്രണയത്തിലാണ്.
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.അടുത്ത് നിന്ന സജീവനെ ഞാൻ ഒരു കാര്യവുമില്ലാതെ നുള്ളി നോക്കി.മധുരൊദാത്തമായ വാക്കുകൾ അവന്റെ വായിൽ നിന്നും അനർഗള നിർഗളം പ്രവഹിക്കുകയാണ്.സെൻസർ ചെയ്യാത്ത നല്ല പച്ചതെന്നിന്ത്യൻ തെറികൾ.കിട്ടേണ്ടത് കിട്ടിയപ്പോൾ ഉറപ്പായി ഞാൻ കാണുന്നത് സ്വപ്നമല്ല.

ആളൊഴിഞ്ഞൊരു ബെഞ്ചിലിരുന്നു മൻമോഹൻ സിങ്ങിൻറെ ചെവിയിൽ സോണിയ ഗാന്ധി രഹസ്യം പറയുന്ന പോലെ എന്നെ നോക്കി എന്തൊക്കെയോ പറയുന്ന ജിതേഷും  ആതിരയും.അപ്പോൾ ആയിരം കഷണമായി പൊട്ടിയത് ലഡ്ഡുവായിരുന്നില്ല എന്റെ ഹൃദയമായിരുന്നു.
പണ്ട് ചെമ്മീൻ സിനിമയിൽ കറുത്തമ്മയെ നോക്കി നിന്ന പരീക്കുട്ടിയെ പോലെ ഞാൻ " PAUSE "അടിച്ചു നിന്നു .
എനിക്കൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല.
അവനിട്ടൊന്ന് പൊട്ടിക്കാൻ തോന്നിയെങ്കിലും എന്റെ കായികബലം ശെരിക്കും അറിയാവുന്ന കാരണം ഞാൻ അടങ്ങി.

പിന്നീടുള്ള ദിവസങ്ങള് ലൈഫ് ബോയ്‌ സോപ്പിന്റെ പരസ്യം പോലെയായി.അവൾ എവിടെയുണ്ടോ, അവിടെ അവനും എന്ന അവസ്ഥ.എന്റെ പ്രണയത്തെ ഞാൻ കണ്ടില്ലെന്ന് നടിച്ചു.ആരോരുമറിയാതെ ഞാനാ പ്രണയം എന്റെ മനസ്സിൽ തന്നെ കുഴിച്ചുമൂടി.
ആരോടോ ഉള്ള ദേഷ്യം തീർക്കാനെന്ന പോലെ ഒരിളം കാറ്റിൻറെ അകമ്പടിയോടെ എല്ലാത്തിനും സാക്ഷിയായി ചാറ്റൽ മഴ അപ്പോളും പെയ്തു കൊണ്ടേയിരുന്നു.

അവസാന ക്ലാസ്സിൽ ഞങ്ങൾ ഒരിക്കൽ കൂടി ഒരുമിച്ചിരുന്നു.അന്ന് പക്ഷെ ഞങ്ങൾ കഥ പറഞ്ഞിരുന്നില്ല.എന്റെ കയ്യിലെ ഡയറി വാങ്ങിയവൾ പറഞ്ഞു
 "ഞാനൊരു കഥ പറയാം.നിനക്കായ് എഴുതാൻ പോകുന്ന അവസാന കഥ.എന്റെ കഥ....എന്റെ മനസ്സ്..അത് ഞാൻ ഈ ഡയറിയിൽ എഴുതാം.അത് പക്ഷെ നീ ഇന്ന് വായിക്കില്ലെന്നു പ്രോമിസ് ചെയ്യണം"
*********

ഞാൻ പറയാൻ മടിച്ചതും അവൾ കേൾക്കാൻ കൊതിച്ചതും ഒന്നായിരുന്നുവോ? അവൾ ഇപ്പോൾ എവിടെയായിരിക്കും?  
എനിക്കറിയാം ഇനിയൊരിക്കലുമാ മുഖം എനിക്ക് കാണാൻ കഴിയില്ലെന്ന്.എങ്കിലും ഞാൻ ആശിച്ചു പോവുകയാണ് ഒന്ന് കണ്ടിരുന്നെങ്കിൽ. അത് പക്ഷെ പറയാതെ പോയ പ്രണയം അവളെ അറിയിക്കാനല്ല.ഒരു പുഞ്ചിരി കൈ മാറാൻ വേണ്ടി മാത്രം.

ഭൂമി ഉരുണ്ടതാണെന്ന് ഞാൻ വായിച്ചു പഠിച്ചിട്ടുണ്ട്.അത് കൊണ്ട് തന്നെ ഒരിക്കൽ കൂടി തമ്മിൽ കാണുമെന്ന് തോനുന്നു.

"അന്ന് തോന്നിയിരുന്ന പ്രണയം എന്നോട് തോന്നിയിട്ടുണ്ടോ? "
പ്രിയതമയുടെ ആ ചോദ്യമാണ് എന്നെ ഓർമകളിൽ നിന്നും ഉണര്ത്തിയത്.
" അതുക്കും മേലെ.."
ശെരിക്കും? 
അല്ലാതെ പിന്നെ? നമ്മൾ MADE FOR EACH OTHER അല്ലെ?
ആണോ?

അതെ..കാന്തവും ഇരുമ്പും പോലെ...
ടൈം ബോംബും ക്ലോക്കും പോലെ...
അമിട്ടും തീപെട്ടിയും പോലെ..
വെടിമരുന്നും തീയും പോലെ..നല്ല കോമ്പിനേഷൻ.
പ്രഭാപൂരിതമായ ആ മുഖത്ത് വിരിഞ്ഞ പുഞ്ചിരി പതുക്കെയൊരു പൊട്ടിച്ചിരിയായി മാറി.