Tuesday 27 January 2015 - 21 comments

തള്ള ചവിട്ടിയാല്‍ പിള്ളക്ക് കേടില്ല.



" തള്ള ചവിട്ടിയാല്‍ പിള്ളക്ക് കേടില്ല.ഞാന്‍ ഒരു ചവിട്ടു വെച്ച് തരുംട്ടാ ഐശൂ.... "

അബിയുടെ ആക്രോശം കേട്ടു കൊണ്ടാണ് ഞാന്‍ വീട്ടിലെത്തിയത്.ചവിട്ടു മാറി എനിക്ക് കൊണ്ടാലോ എന്ന് കരുതി വളരെ സൂക്ഷിച്ചാണ്  ഞാന്‍ റൂമില്‍ പ്രവേശിച്ചത്.

യുദ്ധം കഴിഞ്ഞ കുരുക്ഷേത്ര ഭൂമി പോലെ കിടക്കുന്ന സിറ്റിംഗ് റൂം.
തല വഴി കുറുക്കില്‍ കുളിച്ചു നില്‍ക്കുന്ന ഭാര്യ....
കരയണോ..ചിരിക്കണോ എന്നാ കണ്ഫ്യൂഷനില്‍ നില്‍ക്കുന്ന ഒരു വയസ്സുകാരി ഐശു...
കാര്യങ്ങള്‍ ഒരുവിധം പറയാതെ തന്നെ മനസ്സിലായി.


ഞാന്‍ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.ചെന്ന പാടെ..ടിവി ഓഫ്‌ ചെയ്തു കുറുക്കില്‍ കുളിച്ചു നില്‍ക്കുന്ന അബിയെ നോക്കി സോഫയില്‍ ഇരുന്നു. എത്ര ശ്രമിച്ചിട്ടും എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല.

" ഹും...ചിരിച്ചോ...ചിരിച്ചോ...തങ്കക്കുടം പോലൊരു പെണ്ണിനെ കിട്ടിയിട്ട് നോക്ക്  വെല്ല വിലയും ഉണ്ടോന്നു? പണ്ടൊക്കെ എന്ത് സ്നേഹമായിരുന്നു .എപ്പോളും എന്നോട് വര്‍ത്താനം പറയാന്‍ വരുമായിരുന്നു.ഇപ്പൊ കണ്ടില്ലേ? ഒന്നും മിണ്ടാനുമില്ല..പറയാനുമില്ല. വായ് തുറക്കുന്നത് എന്നെ കളിയാക്കാന്‍ വേണ്ടി മാത്രം "

അശോക വനത്തിലെ സീതയുടെ കരച്ചില്‍ അടുക്കളയില്‍ നിന്നും കേള്‍ക്കാം.
കുറച്ചു കഴിഞ്ഞപ്പോള്‍ അടുക്കളയില്‍ നിന്നും ശബ്ദ കോലാഹലങ്ങള്‍ നിന്നു.കയ്യും മുഖവുമൊക്കെ കഴുകി സഹധര്‍മിണി ഹാജര്‍ ആയി എന്റെ മുന്നിലെ സീറ്റില്‍ വന്നിരുന്നു.

അതേയ്....
ഇയാള്‍ക്ക് എന്നോട് എട്രേം..ഇഷ്ട്ടമുണ്ട്?

ദൈവമേ....വരാന്‍ പോകുന്ന ബ്ലോക്ക് ബസ്റ്റര്‍ സിനിമയുടെ ട്രെയിലര്‍ മാത്രമാണോ ഇത്?
നെഞ്ഞിടിപ്പ്‌ പുറത്ത് കാട്ടാതെ ഞാന്‍ ചോദിച്ചു.

" എന്തൂട്ട്....? "
പറ..എന്തോരം ഇഷ്ട്ടമുണ്ട് ?
അബിയുടെ സ്വരത്തിന് പതിവിലേറെ റൊമാന്റിക് ഫ്ലേവര്‍.

കുറേ....
കുറേന്ന് പറഞ്ഞാല്‍ ?
അബി വിടാനുള്ള ലക്ഷണമില്ല.
രണ്ടു കയ്യും വിടര്‍ത്തി പ്പിടിച്ചു ഞാന്‍ പറഞ്ഞു 
" ഇട്രേം .... "

എന്നാല്‍ നമുക്കൊന്ന് നടക്കാനിറങ്ങിയാലോ? കോര്‍നീഷില്‍ പോയി അവിടത്തെ തണുത്ത കാറ്റുമേറ്റ് ...കൈകോര്‍ത്തു നടക്കുവാന്‍ തോന്നുന്നു. "
ഇന്നെന്തു പറ്റി ?  ഭയങ്കര റൊമാന്റിക് ആണല്ലോ?

" പ്രിയനേ..നീ അറിയുന്നതിനപ്പുറം ..ചിലതുണ്ട്....
പറയുവാന്‍ ഞാന്‍ മടിക്കുന്ന ചിലത്...
ഞാന്‍ ഞാനെന്ന ഭാവം വെടിഞ്ഞു 
ചിലത് പറയട്ടെ നിന്നോട്.."

കഞ്ചാവടിച്ചു  ഇംഗ്ലീഷ് പറയുന്ന ദിലീപിനെ നോക്കി സലിം കുമാര്‍ ചോദിച്ച പോലെ ഞാനും ചോദിച്ചു
" ആഹാ...അതെപ്പോ...."
കുറുക്കില്‍ കുളിച്ചാല്‍ ഇങ്ങിനെ സാഹിത്യം വരുമോ?
എന്തായാലും റൊമാന്റിക് മൂഡ്‌ കളയണ്ട എന്ന് കരുതി ഞാനും വേഗം റെഡിയായി നടക്കാനിറങ്ങി.

പോകുന്ന വഴിയില്‍ റെഡിമൈഡ്  ഷോപ്പ് കണ്ടപ്പോള്‍  ഭാര്യക്ക് ഒരു സൈഡ് വലിവ്. പച്ചില കണ്ട പശുവിനെ പോലെ എന്നെ മുന്നോട്ടു വലിച്ചു കൊണ്ട് പോകുന്ന അബി. പഴ്സ് അരുതേ...അരുതേ...എന്ന് പറഞ്ഞു പുറകോട്ടു വലിക്കുന്നു.

" ഇയാള്‍ടെ ഷര്‍ട്ട്‌ എല്ലാം പഴയതായി തുടങ്ങിയിരിക്കുന്നു.ഒരെണ്ണം ഇയാള്‍ക്ക് വാങ്ങിച്ചു തരുവാന്‍ എനിക്ക് ആഗ്രഹമുണ്ട്. എതിര് നില്‍ക്കരുത്. പ്ലീസ്...

ഞാനവളെയൊന്നു നോക്കി പുഞ്ചിരിച്ചു.

ഇയാള്‍ കാശ് ഒന്നും മുടക്കണ്ട ഇയാള്‍ക്കുള്ള ഷര്‍ട്ട്‌ ഞാന്‍ വാങ്ങിച്ചു തരാം.എന്റെ പുഞ്ചിരിയുടെ അര്‍ഥം മനസ്സിലാക്കിയ ഭാര്യ പറഞ്ഞു.
ഇനി ഭാര്യയുടെ ആഗ്രഹത്തിന് എതിര് നിന്നു എന്നാ ചീത്ത പേര് വേണ്ട എന്നാ ഒറ്റ കാരണത്താല്‍ ( അല്ലാതെ കാശ് ചിലവ് ഇല്ല എന്നറിഞ്ഞത് കൊണ്ടല്ല...സത്യം ) കാറ്റു കൊള്ളാനിറങ്ങിയ ഞങ്ങള്‍ ആ ഷോപ്പിലെ എസിയുടെ തണുത്ത കാറ്റേറ്റു നടന്നു.

വെള്ളിയാഴ്ച ആയത് കൊണ്ടാവണം മാളില്‍ നല്ല തിരക്കുണ്ടായിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ വന്നവരും...വെറുതെ സമയം കളയാന്‍ വന്നവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.   

കുറേ കാലമായി ആഗ്രഹിച്ചു നടന്നിരുന്ന ഒരു വൈറ്റ് ഷര്‍ട്ട്‌  ഞാനെടുത്തു അബിയോടു ചോദിച്ചു 
"ഇതെങ്ങിനെ ഉണ്ടെടോ ? "
whaat ?????/
ഇംഗ്ലീഷിലുള്ള മറുപടി കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. 
ഇറുകിയ ചുവന്ന ഉടുപ്പം..പാവാട പോലൊരു സാധനവുമിട്ട് ഒരു ഫിലിപ്പൈനി. കൊള്ളാം നല്ല ഭംഗിയോക്കെയുണ്ട്. കുറവെന്നു പറയാനുള്ളത് തുണി മാത്രം.

അവള്‍ എന്നെ നോക്കി ഒരു ക്ലോസപ്പ് പുഞ്ചിരി പാസ്സാക്കി.
Acknowledgment ആയി ഞാനും ഒരു പുഞ്ചിരി പാസ്സാക്കി.
അങ്ങിനെ ഞങ്ങളുടെ രണ്ടു പേരുടെയും പുഞ്ചിരികള്‍ കൂട്ടിമുട്ടി ട്രാഫിക് ജാം ഉണ്ടാവുന്നതിനു മുന്‍പേ..കയ്യില്‍ ഒരു കറുത്ത ചുരിദാരുമായി ട്രാഫിക് പോലിസ് എത്തി.

" എനിക്ക് ഈ ബ്ലാക്ക്‌ നല്ല ഭംഗിയുണ്ടാവില്ലേ?
ഷര്‍ട്ട്‌ വാങ്ങാന്‍ വന്നവള്‍ ചുരിദാറുമായി നില്‍ക്കുന്നു.

" ഇയാള്‍ക്ക് ഞാനൊരു ഷര്‍ട്ട്‌ വാങ്ങി തരുമ്പോള്‍ എനിക്ക് ഒരു ചുരിദാരെങ്കിലും വാങ്ങി തന്നില്ലെങ്കില്‍ അതിന്റെ മോശം  ഇയാള്ക്കല്ലേ?  ഇയാള്‍ ആരുടെ മുന്നിലും ചെറുതാവുന്നത് എനിക്ക് ഇഷ്ട്ടമല്ല.അത് എന്റെ മുന്നിലായാല്‍ പോലും.അബി വികാരാധീനനായി....

ആഹാ...അത് കൊള്ളാലോ...ഇത്രക്കൊന്നും എന്നെ സ്നേഹിക്കല്ലേ.....
എന്റെ കണ്ണ് ആദ്യം പോയത് പ്രൈസ് ടാഗിലെക്കായിരുന്നു.

" ഇത് ബോറാനബീ.....
ഇയാള്‍ക്കിത് ചേരില്ല.
സന്ധ്യക്ക് എന്തിനു സിന്ദൂരം?
സിമ്പിള്‍ മോഡലാ ഇയാള്‍ക്ക്  നന്നായി ചേരുന്നത് .."

ഒരു വെറൈറ്റിക്ക്  നമുക്കീ ബോറന്‍ ഡ്രസ്സ്‌  തന്നെ എടുത്താലോ? 
ഒരു ചേഞ്ച്‌ ഓക്കേ ആരാ ഇഷ്ട്ടപ്പെടാത്തെ?

സ്ത്രീകളുടെ മനസ്സിലേക്കുള്ള ഷോര്‍ട്ട് കട്ട് പുകഴ്ത്തല്‍ ആണെന്ന എന്റെ പൊതു വിജ്ഞാനം പാളിപ്പോയി.

ചുരിദാറിനുള്ള കാശും വാങ്ങി അബി ബില്‍ അടക്കുവാന്‍ റെഡി ആയി.
വിശപ്പിന്റെ വിളി വരുന്നു. ഇനി നമുക്ക് കോര്‍നീഷിലെ കാറ്റു കൊള്ളണോ അബീ? ഇത്രയും പോരെ?
" ഞാനും അത് പറയാന്‍ ഇരിക്കയായിരുന്നു. ഇനിയിപ്പോ പോയിട്ട്  ഫുഡ്‌ ഒന്നും ഉണ്ടാക്കാന്‍ നേരമില്ല. സമയത്തിനു ഭക്ഷണം കഴിച്ചില്ലെങ്കില്‍ അള്‍സര്‍ വരുമെന്ന് ഉമ്മച്ചി പറയാറുണ്ട്‌.

ഠിം.....
ലക്‌ഷ്യം അടുത്തുള്ള ഉടുപ്പി റെസ്റ്റൊരന്റ്റ്  ആണെന്ന് മനസ്സിലാക്കാന്‍ ഒരു നിമിഷമേ വേണ്ട വന്നുള്ളൂ...

അങ്ങിനെ എല്ലയിടത്തേം കാറ്റും കൊണ്ട്  തളര്‍ന്നു ക്ഷീണിച്ചു വീട്ടില്‍ തിരിച്ചെത്തി.ടിവി ഓണ്‍ ചെയ്യാനായി റിമോട്ട് തപ്പിയപ്പോളാണ്  ഞങ്ങള്‍ പോയ റെഡിമൈഡ്  ഷോപ്പിന്റെ ബ്രൌഷര്‍ കണ്ണില്‍ പെട്ടത്.
അതിലെ അക്ഷരങ്ങള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തി.

" ഒരു ചുരിദാര്‍ വാങ്ങിയാല്‍ ഒരു ഷര്‍ട്ട്‌ ഫ്രീ "

ഏതു വലിയ സോഫ്റ്റ്‌ വെയറും ക്രാക്ക് ചെയ്യാമെന്ന് അഹങ്കരിച്ച എനിക്ക് അവളുടെ സാഹിത്യം ക്രാക്ക് ചെയ്യാന്‍ കഴിയാതെ പോയി...

Monday 26 January 2015 - 16 comments

അവള്‍ പറഞ്ഞ കഥ.



അലുമിനിയുടെ കാര്‍ഡ് കയ്യില്‍ കിട്ടിയപ്പോള്‍ അവള്‍  അതിശയിച്ചു പോയി. കോളേജ് വിട്ട ശേഷം ആരുമായും സൌഹൃദം തുടരുവാന്‍ ആശിച്ചിരുന്നില്ല. വെറുതെ തുറന്നു നോക്കി.സംഘാടകരുടെ ഫോട്ടോയുമുണ്ട്‌.അതിലൊരു മുഖം!!!!!

          നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ്  ആ മുഖം കാണുന്നത്. പണ്ട് ഏതു ആള്‍ക്കൂട്ടത്തിനിടയിലും  ഞാന്‍ തിരിച്ചറിഞ്ഞിരുന്ന രൂപം. അല്‍പ്പം തടി വെച്ചിട്ടുണ്ട്.

അവള്‍ തന്നെയൊന്നു നോക്കി.താനും ഒരുപാട് മാറിയിരിക്കുന്നു.തടിച്ചുരുണ്ട്...കാലങ്ങള്‍ കൊഴിഞ്ഞു പോകുന്നതറിയിക്കുന്ന ചില വെള്ളി രേഖകള്‍ മുടിയില്‍. പക്ഷെ അതിനേക്കാളേറെ മാറിയിരിക്കുന്നു മനസ്സ്.

ഇന്ന് തന്റെ ലോകം " കൃഷ്ണ പ്രിയ" എന്ന ഈ വീട്ടില്‍ ഒതുങ്ങിയിരിക്കുന്നു. കോര്‍പറേഷന്‍ ജീവനക്കാരനായ അജീവന്റെ ഭാര്യ...ചിന്മയ വിദ്യാലയത്തിലെ നക്ഷരയുടെയും തൂലികയുടെയും അമ്മ.പണ്ടത്തെ നാട്ടു പ്രമാണിയായ കേശവന്‍റെ മരുമകള്‍.

ഉണ്ടായിരുന്നു കുറേ സ്വപ്‌നങ്ങള്‍.നല്ലൊരു ജോലി.സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരു കൊച്ചു കുടുംബം.

ദാമ്പത്യത്തില്‍ ഒരാള്‍ക്ക് മാത്രം പ്രാധാന്യം കൊടുക്കുമ്പോള്‍ മറ്റേയാളുടെ മനസ്സ് ഒരുപാട്  മുറിപ്പെടും.പ്രത്യേകിച്ച് പങ്കാളിയെക്കാള്‍ പ്രാധാന്യം മറ്റുള്ളവര്‍ക്ക്  നല്‍കുമ്പോള്‍.

ഓരോ തവണയും അപമാനിക്കപ്പെടുമ്പോള്‍ അവളിലെ സിംഹിണി സട കുടഞ്ഞെഴുന്നെല്‍ക്കും.പക്ഷെ സാരി തുമ്പില്‍ പിടിച്ചു വലിക്കുന്ന രണ്ടു കുഞ്ഞി കൈകള്‍.

മകര മാസത്തിലൊരു പുലരിയില്‍ അയാളുടെ പുതപ്പിനടിയില്‍ ചുരുണ്ട് കൂടിയപ്പോളും ..പിന്നീട് നാല് വര്‍ഷങ്ങള്‍ക്കു ശേഷം ആണിന്റെ മണമറിഞ്ഞ പെണ്ണിന് അതില്ലാതെ പറ്റില്ലാന്നു  അയാള്‍ തെളിയച്ചപ്പോളും അവള്‍ക്കു രണ്ടു കുഞ്ഞുങ്ങളായി.

പൊരുത്തപ്പെടില്ലാന്ന്‍  തുടക്കത്തിലെ അറിയാമായിരുന്നു. അതറിഞ്ഞു കൊണ്ട് പിന്നെന്തിനു കൂടെ ജീവിക്കാന്‍ തയ്യാറായെന്നു അജീവ് പല തവണ ചോദിച്ചിരുന്നു.വിധിയെ ചെറുക്കാനുള്ള തന്റേടം അവള്‍ക്കുണ്ടായിരുന്നില്ല അന്നും ഇന്നും.സ്വന്തം സുഖത്തെ ക്കുറിച്ച് ഒരിക്കലും ഓര്‍ത്തില്ല.ഇത്ര കാലം വളര്‍ത്തിയ അച്ഛനമ്മമാര്‍.അവരെ വേദനിപ്പിക്കാന്‍ കഴിയില്ലായിരുന്നു.

ഒരു ദേഷ്യത്തിനു പറയുന്നതിനപ്പുറം പിരിഞ്ഞു ജീവിക്കാന്‍ കഴിയില്ലാന്നു അവര്‍ക്ക് അറിയാമായിരുന്നു.
എന്നിട്ടും..എന്നിട്ടുമെന്താ   ഈ മുഖമെന്നില്‍  നഷ്ട്ടബോധമുണര്‍ത്തിയത്  ????

" ഇത്ര നേരമായിട്ടും  ഉമ്മറത്ത് ഒരു നിലവിളക്ക് വെക്കാനായില്ലേ? അവരൊക്കെ രാത്രി വരുന്നതാ.ഞങ്ങളുള്ള കാലത്തല്ലേ അവരക്കിവിടന്നു രണ്ടു വറ്റ് കൊടുക്കുവാന്‍ പറ്റൂ. "

കയ്യിലെ കടലാസ്സു കഷണം എന്നത്തേയും പോലെ തീനാളങ്ങള്‍ക്ക്  ഭക്ഷണമാക്കി നല്ലൊരു മരുമകളായി അവള്‍ ഉമ്മറത്തെക്കോടിപ്പോയി.

Thursday 1 January 2015 - 25 comments

ഓപറേഷന്‍ പാലും ചായ.




മമ്മുട്ടിയുടെ പഴശ്ശിരാജ പോലെ..ഇതും ഒരു ചരിത്രത്തിന്റെ പച്ചയായ പുനരാവിഷ്കരനമാണ്.മറ്റൊരു ഒളിപ്പോരിന്റെ കഥ.

കുറച്ചു നാളുകള്‍ക്കു മുന്‍പ്‌...പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്തിട്ട്.അതികം നാളുകള്‍ ആയിട്ടില്ല. ജാഡക്ക്  ജാഡ..എളിമക്ക്  എളിമ...പതപ്പിക്കലിനു..പതപ്പിക്കല്‍ ഇത്യാദി ലൊട്ടു ലൊടുക്കു ഐറ്റംസ് ഇറക്കി കമ്പനിയില്‍ (ചീത്ത)പേരെടുത്തു വരുന്നതേയുള്ളൂ...

                                                   അന്നൊരിക്കല്‍ ഒരു ശനിയാഴ്ച ദിവസം. രണ്ടു ദിവസത്തെ അവധി കഴിഞ്ഞു ഓഫീസില്‍ പോകുവാന്‍ തീരെ താല്പര്യം ഉണ്ടായിരുന്നില്ല.H.R മാനേജര്‍ക്ക് വെറുതെ പണിയുണ്ടാക്കണ്ട എന്നാ ഒറ്റക്കാരണത്താല്‍ അന്നും ഞാന്‍ ഓഫീസില്‍ പോയി.രാവിലെ തന്നെ എല്ലാവരും സീറ്റില്‍ എത്തിയിട്ടുണ്ട്.എല്ലാവരുടെയും മുഖത്ത് ഉറക്കം തളം കെട്ടി നില്‍ക്കുന്നു.

" ആ ചെറ്റ^%^$$^൫ഏ%$ഇ%$#  ഒരു പണികൊടുക്കണം.അവന്റെയൊക്കെ വിജാരം അവന്‍ മേലാളും നമ്മള്‍ അടിയാന്മാരുമാനെന്നാ "

അന്‍സാറിന്റെ ശബ്ദം അവിചാരിതമായതിനാല്‍ എല്ലാവരും ഒന്ന് പകച്ചു പോയി.

അന്‍സാറിന്  മൂക്കത്ത് ആണ് ശുണ്ടി. അതായത്..മൂക്കത്ത് ഒരു ഈച്ച വന്നിരുന്നാല്‍ അതിന്റെ തന്തക്ക് വരെ വിളിക്കുന്ന ശാന്ത സ്വഭാവം.

നോണ്‍ഡിക്ഷ്ണറിക്കല്‍ വേഡുകള്‍ കേട്ടപ്പോളെ...ആരെയാണ്  ഉദ്ദേശിച്ചതെന്നു മനസ്സിലായി.ഞങ്ങളുടെ എല്ലാമെല്ലാമായ HR മാനേജര്‍.

 പുള്ളിയെ കുറിച്ച് പറയുകയാണെങ്കില്‍ ഒരുപാടുണ്ട്.അങ്ങ് വടക്കന്‍ കേരളത്തില്‍ ആയിരുന്നെങ്കില്‍ പാണന്‍ അത് പാട്ടായി പാടി നടക്കുമായിരുന്നു.
സുന്ദരനാണ്...
സുമുഖനാണ്‌....
സര്‍വോപരി സംഭാഷണ പ്രിയനാണ്..
സംഭാഷണം കേള്‍ക്കുന്നവന്‍ മുഖമടച്ചു ഒന്ന് പൊട്ടിക്കാതെ വേറെ പണിക്കു പോകില്ല.
അത്രക് കേമനാണ് ഞങ്ങളുടെ HR.

കഴിഞ്ഞ മാസത്തില്‍ ഒരു ദിവസം കേവലം ഒരു 15 മിനിട്ട് വൈകിയതിനു ഹാഫ് ഡേ സാലറി കട്ട് ചെയ്തതാണ് ഇന്നത്തെ തെറിവിളിയുടെ കാരണം.

" അതെ..അയാള്‍ക്കിട്ട്‌ പണി കൊടുക്കണം.പക്ഷെ അയാള്‍ അത് അറിയാനും പാടില്ല.

ബൂസ്റ്റ്‌ കുടിച്ചു ഫീല്‍ഡില്‍ ഇറങ്ങിയ സച്ചിനെ പോലെ ഞാനും ഇറങ്ങി പണി കൊടുക്കല്‍ കമ്മറ്റിയിലെ സജീവ മെമ്പര്‍ ആവാന്‍.

 പക്ഷെ എങ്ങിനെ????
ചോദ്യം അപ്പോളും അവശേഷിച്ചു.

ആ സമയത്താണ് രാവിലത്തെ ചായയുമായി ഞങ്ങളുടെ സ്വന്തം റാഫിക്ക എത്തിയത്.ചായയുടെ ഛ യ പോലുമില്ലാത്ത ചായ.

ന്യൂട്ടന്റെ തലയില്‍ ആപ്പിള് വീണത് പോലെ ചായ കുടിച്ചപ്പോളാണ്  റിയാസിന്റെ തലയില്‍ ബള്‍ബ് കത്തിയത്.

"പണി പാലും ചായയില്‍ കൊടുത്താലോ ? "

" പാവം റാഫിക്കാക്  മറുപണി കിട്ടും "
മുഖത്ത് മാത്രം നിഷ്കളങ്കതയുള്ള ശാന്ത സ്വഭാവക്കാരനായ അച്ചായനാണ്‌  " ഓപ്പറേഷന്‍  പാലും ചായ"  യുടെ ടെക്നിക്കല്‍ പ്രോബ്ലെംസ് വിവരിച്ചത്.

മനസ്സില്‍ വന്ന ദേഷ്യം മുഴുവന്‍ പാവം സാന്‍വിച്ചില്‍ തീര്‍ത്തു.

" എന്നെയോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട.എനിക്ക് പണി കിട്ടില്ല.കാരണം മാനേജര്‍ പുള്ളിക്കുള്ള ചായ സ്വയം ഉണ്ടാക്കലാണ് പതിവ്.നിങ്ങള്‍ " ഓപ്പറേഷന്‍ പാലും ചായ " യുമായി  ദൈര്യമായി  മുന്നോട്ടു പൊയ്ക്കോളൂ..ഞാനും ഈ കമ്മറ്റിയില്‍ അംഗമാവാന്‍ ആഗ്രഹിക്കുന്നു."
റാഫിക്ക എന്തിനും തയ്യാറായി മുന്നില്‍ നില്‍ക്കുന്നു.

താങ്കളെ തന്നെ ഇതിന്റെ ടീം ലീഡര്‍ ആയി ഇപ്പൊ തന്നെ ഞങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു.
എല്ലാവരുടെയും ഉറക്ക ക്ഷീണം പമ്പ കടന്നു.

" പഞ്ചസാര പാത്രത്തില്‍ അല്‍പ്പം ഡിറ്റര്‍ജന്റ്റ്  മിക്സ്‌ ചെയ്തു വെച്ചാല്‍ മാത്രം മതി.ബാകിയൊക്കെ മാനേജര്‍ തന്നെ ചെയ്തോളും.ഓപറേഷന്‍ സീക്രട്ട് ടീം ലീഡര്‍ വെളിപ്പെടുത്തി.

അല്‍പ്പം പഴഞ്ചന്‍ ഐഡിയ ആണെങ്കിലും വേറെ ഓപ്ഷനുകള്‍ ഇല്ലാത്തതിനാല്‍ ആ കണ്ടു പിടുത്തം എല്ലാവര്ക്കും സ്വീകാര്യമായി.
അനസിന്റെ മുഖം തെളിഞ്ഞു ( എല്ലാവരുടെയും )

"ശുഭ കാര്യങ്ങള്‍ വെച്ച് താമസിപ്പിക്കാന്‍ പാടില്ല.ഇന്ന് തന്നെ എല്ലാം റെഡി ആക്കി വെച്ചിട്ട് പോയാല്‍ മതി."
ആവി പൊങ്ങുന്ന ചായയില്‍ കണ്ണോടിച്ചു റിയാസിന്റെ ഉപദേശം.

നെക്സ്റ്റ് ഡേ..
സ്ഥലം ഓഫീസ്. സമയം രാവിലെ 8 മണി.അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രീ..ഹ്യുമിടിട്ടി 80 ശതമാനം.ദൂരെ നിന്നും ഫുള്‍ സ്ലീവോക്കെയിട്ട്  ഇന്‍ ചെയ്തു കയ്യില്‍ ഒരു ബേഗുമായി മാനേജര്‍ വരുന്നത് കാണാം.

" GO TO YOUR CLASSES " പറഞ്ഞത് മനസ്സിലായില്ലേ..എല്ലാവരും അവരവരുടെ സീറ്റില്‍ പോയിരിക്കാന്‍.അച്ചായന്‍ മുന്നറിയിപ്പ് തന്നു.

പതിവിനു വിപരീതമായി ഇന്ന് എല്ലാവരുടെ മുഖത്തും വലിയ സന്തോഷമാണ്.ഇന്നാണ് ആ സുദിനം.ഓപ്പറേഷന്‍ പാലും ചായ.ടോയ്ലറ്റിലെ ബക്കറ്റ് ( മൈ ബോസ്സ് ഷാജൂണ്‍ ) വാങ്ങി മുടിയാത്തവര്‍ ഈ ഓഫീസില്‍ വിരളം.

 സമയം 8.10
ഓഫീസില്‍ കൃത്യ സമയത്ത് ലഭിക്കുന്ന ഒരേ ഒരു വസ്തുവായ ചായയുമായി റാഫിക്ക വന്നു.

" എന്തായി നമ്മുടെ ഓപ്പറേഷന്‍ ?  സക്സസ് ആവുമോ "
ഉത്തരം ലഭിക്കുന്നതിനു മുന്പേ.. " പ" യില്‍ തുടങ്ങി "ന്‍ " ല്‍ അവസ്സാനിക്കുന്നതുമായ ഒരു നെടുങ്കന്‍ ഡയലോഗും അടിച്ചു അന്‍സാര്‍ വാഷ്‌ ബേസിനരികിലെക്  ഓടി.

റാഫിക്ക ഞങ്ങള്‍ക്കിട്ടു പണി തന്നതാണോ?? അതോ മാനേജര്‍ക്ക് റെഡി ആക്കി വെച്ച പഞ്ചസാര അറിയാതെ ഇട്ടു പോയതാണോ?

സമ്മര്‍ ഇന്‍ ബത് ലഹെമിലെ പൂച്ചക്കുട്ടിയെ പാര്‍സല്‍ അയച്ചതാര്?  എന്നാ ചോദ്യം പോലെ ഇപ്പോളും നിഗൂഡമായി തുടരുന്നു.

ആ സംഭവം റാഡിക്കല്‍ ആയ മാറ്റമാണ് എന്റെ ജീവിതത്തില്‍ ഉണ്ടാക്കിയത്.
എന്താണെന്നല്ലേ?

"ഞാന്‍ ചായ കുടി നിര്‍ത്തി "