Sunday, 2 October 2016 - 11 comments

ജീവിത യാത്രയിലെ ചൂളം വിളികള്‍.


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, മനസ്സ് രാജീവ് ഗാന്ധി മരിച്ചതിന്റെ പിറ്റേന്നത്തെ ഓൾ ഇന്ത്യ റേഡിയോ പോലെയായിരുന്നു. ഫ്‌ളാറ്റിൽ മടുപ്പിക്കുന്ന നിശബ്ദത മാത്രം. സൂചി തറയിൽ വീണാൽ കേൾക്കാവുന്ന, നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ടാപ്പിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നു.

ഇവിടെയുള്ള വായുവിൽ പോലും നനുത്തൊരു താരാട്ടു പാട്ടിന്റെ ഈണമുണ്ടായിരുന്നു. സ്നേഹത്തിന്റെ ഗന്ധമുണ്ടായിരുന്നു. ആ കാറ്റെവിടെ? താരാട്ടു പാട്ടുകളെവിടെ?

എത്ര വേഗമാണ് എല്ലാം അവസാനിച്ചത്.!!!!!

മിഴി മൂടിയ കണ്ണീർകണങ്ങൾക്കിടയിലൂടെ അയാളാ മുറി ആദ്യമായി കാണുന്നത് പോലെ നോക്കി.

കുഞ്ഞു വാവയുടെ കരച്ചിലും.. അവ്യക്ത ശബ്ദങ്ങളും..ഭാര്യയുടെ ഉപാദേശങ്ങളും ഫ്ലാറ്റിൽ ഇപ്പോൾ മുഴങ്ങുന്നില്ല. അടുക്കളയിൽ പാത്രങ്ങളുടെ കല പില ശബ്ദമില്ല. ഒരു മാസം മുൻപ് ഇവിടം സ്വർഗമായിരുന്നു. ശബ്ദ മുഖരിതമായിരുന്നു. ഇപ്പോൾ ശ്മാശാന മൂകത. സന്തോഷം കളിയാടിയ ഈ വീട്ടിൽ എത്ര പെട്ടെന്നാണ് ദുഃഖത്തിന്റെ കരി വണ്ടുകൾ മൂളിപ്പറക്കാൻ തുടങ്ങിയത്? 

ജീവിതത്തിൽ നീ എന്ത് നേടി?.. എന്താണ് സംഭവിച്ചത്? എവിടെയാണ് നിനക്കു പിഴച്ചത്? .. ആർക്കാണ് പിഴച്ചത്?

ഒറ്റക്കിരുന്നു നൂറു നൂറു ചോദ്യങ്ങൾക്കുള്ള ഉത്തരം തേടേണ്ട സമയമായിരിക്കുന്നു. മനസ്സിന്റെ കോടതിയിൽ ഒരു വിചാരണ നടക്കുകയാണ്. ബന്ധങ്ങളുടെ വിചാരണ.

തിരക്കുകൾ ജീവിതത്തിന്റെ നിറം കെടുത്തുന്നുവോ?
ചില ആത്മ സൗഹൃദങ്ങളെല്ലാം അകലുന്നുവോ?
സ്വന്തമെന്നു കരുതിയവരെല്ലാം അപരിചിതർ ആകുന്നോ?

ചിലപ്പോൾ വെറും തോന്നലുകൾ ആയിരിക്കാം. ചിലപ്പോൾ ഈ തോന്നലുകൾ എല്ലാം ശെരിയായിരിക്കാം. ജീവിതത്തിന്റെ വല്ലാത്തോരു ഘട്ടത്തിൽ കൂടി സാഞ്ചരിക്കുന്നത് പോലെ തോന്നി. എല്ലാവര്ക്കും ഇങ്ങിനെയൊക്കെ തന്നെ ആയിരിക്കുമോ? ആരെങ്കിലും ഒരാൾ ഒരാൾക്ക് വേണ്ടി തോൽക്കാറുണ്ടോ? തോറ്റു കൊടുക്കാറുണ്ടോ?

ഭ്രാന്തു പിടിച്ചവനെപ്പോലെ അവൻ കയ്യിലിരുന്ന കപ്പ് വലിച്ചെറിഞ്ഞു അടുത്തുള്ള സോഫയിലേക്ക് മറിഞ്ഞു. കൈകൾ പിറകിൽ പിണച്ചു വെച്ച് കൊണ്ട് അയാൾ മച്ചും നോക്കി കിടന്നു. കുറച്ചു നേരം അങ്ങിനെ കിടക്കുമ്പോൾ കറങ്ങി കൊണ്ടിരിക്കുന്ന ഫാനിന്റെ ചലനത്തിന് അനുസൃതണമായി കണ്ണുകൾ കറങ്ങുന്നത് പോലെ തോന്നി.

മനസ്സിൽ ഒരു കടലിരമ്പുകയാണ്. ആർത്തലച്ചെത്തുന്ന തിരമാലകൾ മനസ്സിന്റെ മൃദുല തീരങ്ങളിൽ കൊലവിളി നടത്തുകയാണ്.

എസി യുടെ തണുപ്പിനോ ഫാനിന്റെ കാറ്റിനോ മനസ്സിലെ അഗ്നി ശമിപ്പിക്കാനായില്ല. ചുവരിലെ ഘടികാരം 11 മണിയായെന്നറിയിച്ചു. ഓരോ മണിയൊച്ചയും കൂടം കൊണ്ടുള്ള അടിയായി ശിരസ്സിൽ പതിയുന്നു. വിശപ്പ് വല്ലാതെ അവനെ അസ്വസ്ഥനാക്കുന്നുണ്ട്. വിശപ്പ് സഹിക്കാൻ കഴിയുന്നില്ല.

അടുക്കളയിലേക്ക് ഒന്ന് നോക്കി. വെറുതെ..
അവനറിയാം ഇനിയുള്ള നാളുകളിൽ ഉണ്ടാക്കി തരുവാൻ ആരുമില്ല കൂടെ. ആ വലിയ വീടിന്റെ ചുമരുകൾക്കു പിന്നിൽ എവിടെയോ ദീർഘ നിശ്വാസങ്ങൾ വീണുടഞ്ഞു.

പുറം കാഴ്ചകളിൽ പിന്നോട്ട് അകലുന്ന ദൃശ്യങ്ങൾ പോലെ ചിന്തകൾ തന്നെ വിട്ടു പോയെങ്കിലെന്നു അയാൾ ആഗ്രഹിച്ചെങ്കിലും , ഒന്നിന് പിറകെ മറ്റൊന്നായി കൂടുതൽ ചിന്തകൾ അയാളുടെ മനസ്സിലേക്ക് കടന്നു വന്നു കൊണ്ടിരുന്നു.

നാലഞ്ചു വര്ഷം ഒന്നിച്ചു താമസിച്ച വാടക ഫ്ലാറ്റിൽ നാളെ പുതിയ താമസക്കാർ എത്തുകയാണ്. കണ്ണ് തുടച്ചു കൊണ്ട് എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അയാൾ കിടപ്പു മുറിയിലേക്കോടി .

മുന്നോട്ടു നടക്കവേ കാലിലെന്തോ  തട്ടി. നോക്കിയപ്പോൾ മകളുടെ കാറാണ്. ആ കാറിലായിരുന്നു അവളുടെ ജീവൻ. അത് ഞാനെങ്ങനെ ഉപേക്ഷിക്കും ? അത് കുപ്പയിൽ തള്ളാൻ മനസ്സ് വന്നില്ല. അവരുടെ സാനിദ്ധ്യം അനുഭവപ്പെടുവാൻ എനിക്കത് ധാരാളം. ഓരോ കളിപ്പാട്ടവുമയാൾ നെഞ്ചോടു ചേർത്തു..കണ്ണ് നീർ തുള്ളികളുടെ കലർപ്പു കലർന്ന ഉമ്മകളേകി . എൻറെ മകൾ ഇപ്പോൾ എന്റെ കൂടെയില്ല.

തന്റെ കുഞ് .. പാതി മുറിഞ്ഞൊരു നിലവിളി അയാളുടെ തൊണ്ടയിൽ തട്ടി തടഞ്ഞു.

കണ്ണീരിൽ കുതിർന്ന കവിളുകളും വിറയ്ക്കുന്ന ചുണ്ടുകളുമായി എല്ലാം തകർന്നു പോയവന്റെ വേദനയോടെ അയാൾ മുട്ട് കുത്തി.

ഒന്ന് പൊട്ടിക്കരയണം  ഉറക്കെ.. എല്ലാ നോവും കണ്ണീരിലലിയിച്ചു ..എല്ലാം മറന്നു ഒരു കുഞ്ഞിനെ പ്പോലെ ഒന്ന് പൊട്ടിക്കരയണം . തടഞ്ഞു വെച്ചിരുന്ന നോവെല്ലാം  കണ്ണുനീരായി കവിൾ നനച്ചൊഴുകി. ഒരച്ഛന്റെ വാത്സല്യ ഹൃദയം തകർന്നുള്ള നിലവിളികളായി ചുവരുകളിൽ തട്ടിത്തെറിച്ചു.

പൊടുന്നനെയുണ്ടായ ഉൾവിളിയെന്നപോലെ അയാൾ ചാടി എണീറ്റു.
ഇല്ല... താൻ കരഞ്ഞു കൂടാ..തളർന്നു പോകാൻ തനിക്ക് അവകാശമില്ല.

മകളുടെ ഉടുപ്പുകളും കളിപ്പാട്ടങ്ങളും ഞാൻ കാറിന്റെ ഡിക്കിയിൽ വെച്ചു. യാത്ര പറഞ്ഞു ഫ്‌ളാറ്റിന്റെ പടികളിറങ്ങുമ്പോൾ പിറകിൽ നിന്നൊരു വിളി കേട്ടു.

" പപ്പാ..."

മകളുടെ പതിവ് വിളി. കുസൃതിച്ചിരി കണ്ണിലൊളിപ്പിച്ച് അവൾ വാതിലിനു പിറകിൽ നിൽക്കുന്നത് പോലെ..

ഇല്ല. എനിക്ക് തോന്നിയതാണ്. ഞാനിപ്പോൾ ഏകനാണ്. എന്നും ഞാൻ തനിച്ചായിരുന്നു എന്റെ യാത്രകളിൽ. ഇനിയും ഞാൻ തനിച്ചാണ് എന്റെ യാത്രയിൽ. എങ്കിലും വെറുതെ ഒരു നിമിഷത്തേക് ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി 

" ഒന്ന് തിരികെ നടന്നു കൂടെ? "
ഷാഹിദ്.
പെരിഞ്ഞനം.
Saturday, 10 September 2016 - 33 comments

മസില്‍ സിമ്പിളാണ് പവര്‍ഫുള്ളും.ഒരു കാലമുണ്ടായിരുന്നു..

എത്ര വലിച്ചു വാരി കഴിച്ചാലും, ഡോബർമാൻ പട്ടിയുടെ വയറു പോലെ..അകത്തോട്ടു മാത്രം വീർക്കുന്ന വയറുമായി നടന്നിരുന്ന ഒരു കാലം.ഇപ്പോളും വലിയ വ്യത്യാസമൊന്നുമില്ല . അന്ന് മുതലേ ഉള്ള ആഗ്രഹമായിരുന്നു, ഒരു " ജിമ്മൻ " അഥവാ " കട്ട "ആവുകയെന്നത്.

എന്നാലും എന്നെ പോലൊരു കുഴി മടിയൻ ഇത്തരം സ്വപ്നങ്ങളൊക്കെ കുഴിച്ചു മൂടി കളയലായിരുന്നു പതിവ്.

ഇന്ന്....

സൽമാൻ ഖാന്റെ  " സുൽത്താൻ " കണ്ടപ്പോൾ മുതൽ എന്റെ മനസ്സിൽ ജിം സ്വപ്‌നങ്ങൾ വീണ്ടും നാമ്പെടുത്ത് തുടങ്ങി. ഖാൻറെ മസിലുകൾ വികസിച്ചും..ചെറുതായും വരുന്നത് കാണുമ്പോൾ അസൂയ തോനുന്നു. എന്റെ കൈ വെറുതെ പിടിച്ചു നോക്കി.കരച്ചിൽ വരുന്നു.

ങാ..എനിക്കും ഒരു സമയം വരും.

മനസ്സിൽ ആഗ്രഹം തോന്നി തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമെന്നാണല്ലോ രാജാവിന്റെ മോൻ പറഞ്ഞിരിക്കുന്നത്.
ഉടനെ വിളിച്ചു സജീവനെ.
( സജീവനെ കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്കുക )

" ജിമ്മിന് പോയി മസിൽ വരുത്താൻ ആരെ കൊണ്ടും പറ്റും. ധൈര്യമുണ്ടെങ്കിൽ എന്നെപ്പോലെ കുടവയർ  വെച്ച് കാണീര് . അതല്ലേ ഹീറോയിസം? "

കുളിക്കുക..പല്ലു തേക്കുക..എന്നീ കാര്യങ്ങൾക്കൊഴികെ മറ്റെല്ലാ കാര്യങ്ങൾക്കും റെഡി പറയാറുള്ള സജീവൻ ഈ കാര്യത്തിലെന്നെ നിരാശനാക്കി കളഞ്ഞു.

എന്തായാലും മസിലിൻറെ കാര്യത്തിൽ എന്തെങ്കിലും ചെയ്തേ പറ്റൂ..ഞാൻ തീരുമാനിച്ചു കഴിഞ്ഞു. പിറ്റേ ദിവസം തന്നെ പോയി ജിമ്മിലേക്കു വേണ്ട കുപ്പായോം ഷൂസുമൊക്കെ വാങ്ങിച്ചു. എല്ലാം കൂട്ടി ഒരു ബാഗിനകത്ത് കുത്തി നിറച്ച് ജിമ്മിലേക്ക് വിട്ടു.

അകത്ത് നിന്നും ഉയരുന്ന ആക്രോശങ്ങൾ ആസ്വദിച്ചു കൊണ്ട് വലതു കാൽ വെച്ച് ജിമ്മിലേക് പ്രവേശിച്ചു. നല്ല കിടിലൻ പാട്ട് ഉച്ചത്തിൽ വെച്ചിരിക്കുന്നു. കുറെ "കട്ട" മനുഷ്യന്മാർ ഫുൾ വ്യായാമിക്കുന്നു. ഞാൻ, മെലിഞ്ഞുണങ്ങിയ സ്വന്തം കയ്യിലേക്കും വീർക്കാണ് വെമ്പുന്ന ഉണ്ണി വയറിലേക്കും നോക്കി ഒന്ന് ദീർഘ നിശ്വാസം വിട്ടു.

ആദ്യമായി ദുബായിൽ വന്നിട്ട് ഡാൻസ് ബാറിൽ കയറുന്ന ഒരു മലബാരിയെ പോലെ ഞാൻ ജിമ്മിലെ കാഴ്ചകൾ കണ്ടു വായും പൊളിച്ച് നോക്കി നിന്നു.

കുറച്ചു നേരത്തെ കാത്ത് നിൽപ്പ്, ആജാനുബാഹുവായ ഒരു മനുഷ്യന്റെ   "ന്താണ് ഭായ് .. " എന്ന ചോദ്യത്തിൽ അവസാനിച്ചു.

ആറടിയോളം പൊക്കം...അതിനൊത്ത വണ്ണം...
കയ്യിലെ മസിൽ കാണിക്കാൻ പാകത്തിലുള്ള ടി ഷർട്ട്...
മസിൽ ഇപ്പൊ പുറത്ത് ചാടും എന്നുള്ള മട്ടിൽ നിൽക്കുകയാണ്.

ഹമ്മറിനും ലാൻഡ് ക്രൂയ്‌സറിനും ഇടക്ക് പാർക്ക് ചെയ്ത ടൊയോട്ട യാരിസ് നെ പോലെ ഞാൻ അന്തം വിട്ടു നിന്നു 

                          ജിമ്മനാകണമെന്ന ആഗ്രഹം പറഞ്ഞതോടെ പുള്ളിക്കാരൻ ഒന്ന് ഞെട്ടിയോ എന്നൊരു സംശയം. സോമാലിയയിലെ അർണോൾഡ് ആയ എന്നെയും ചുവരിൽ പതിച്ചിരുന്നു അർണോൾഡിന്റെ ഫോട്ടോയിലും അയാൾ മാറി മാറി നോക്കുന്നു.

ഫീസ് കിട്ടുന്ന കാര്യമായത് കൊണ്ടാകണം അങ്ങേരു സമ്മതിച്ചു.

കയ്യിലുണ്ടായിരുന്ന കാർഡിൽ നിന്നും, വേണ്ടത്ര ക്യാഷ് വലിച്ചൂറ്റി..എന്നെ ഔദ്യോദികമായി അവിടത്തെ മെമ്പർ ആക്കി.
" എന്നാ തുടങ്ങല്ലേ...? "
പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപേ..ഞാൻ ഓടിച്ചെന്നു ഡംബല്സ് എടുത്തു.

 " സ്റ്റോപ്പ്.!!!!!!!!!!!!!!! "

അതൊരു അലർച്ചയായിരുന്നു. നഴ്‌സറി പിള്ളേരുടെ പിറകെ ചൂരലുമായി ഓടി വരുന്ന ടീച്ചറെ പ്പോലെ, ജിം മാസ്റ്റർ ഓടി വന്നു ഡംബൽസ് പിടിച്ചു വാങ്ങി.

 " പോയി വാം അപ്പ് ചെയ്യെടാ.. "

എന്നിട്ട് കയ്യും കാലുമൊക്കെ കൊണ്ട് ഈച്ച..കൊതുക്..തുടങ്ങിയ ക്ഷുദ്ര ജീവികളെ ഓടിക്കുന്നത് പോലെ കുറെ ആക്ഷൻസ് കാണിച്ച് തന്നു.

ഭയങ്കര എളുപ്പം.
ചുമ്മാ കയ്യും കാലുമൊക്കെ പിരിക്കുകയും വളക്കുകയുമൊക്കെ ചെയ്ത മതി.ഞാൻ ചട..പടാന്നു കമ്പ്ലീറ്റ് ചെയ്തു എല്ലാവരെയും അഹങ്കാരത്തോടെ ഒന്ന് നോക്കി.

അടുത്തത് പുഷ് അപ്പ് .
അഞ്ചെണ്ണം കുഴപ്പമില്ലാതെ പോയി.പത്ത് ആയപ്പോൾ കയ്യിലൊക്കെ ചെറിയ വേദന. നാട്യ ശാസ്ത്രത്തിലെ മിക്കവാറും എല്ലാ രസങ്ങളും.. പിന്നെ ജഗതി ശ്രീകുമാർ സ്വന്തമായി കണ്ടു പിടിച്ച ആ രണ്ടു സ്‌പെഷൽ രസങ്ങളും നിമിഷ നേരത്തിൽ മുഖത്ത് മിന്നി മറഞ്ഞു.

പതിനഞ്ചു ആയപ്പോൾ ഒരു കാര്യം ഉറപ്പിച്ചു. ഇനി പൊങ്ങണമെങ്കിൽ ക്രൈൻ വിളിച്ചോണ്ട് വരേണ്ടി വരുമെന്ന്. ഞാൻ കുറച്ച് നേരം ആ പൊസിഷനിൽ തന്നെ തറയിൽ കിടന്നു.മനസ്സ് കൊണ്ട് ആഗ്രഹിച്ചെങ്കിലും എന്തോ എഴുന്നേൽക്കാൻ പറ്റിയില്ല.
" താനെന്താ ..കിടന്നു ഉറങ്ങുകയാണോ ? "
മാസ്റ്റർ വന്നു തട്ടി വിളിച്ചപ്പോളാണ് സ്ഥല കാലബോധം ഉണ്ടായത്.

" അല്ലടാ..ഞാൻ ഈ ഫ്ലോറിൽ വൈറ്റ് മാർബിൾ ആണോ ബ്ലാക്ക് ടൈൽസ് ആണോ എന്ന് നോക്കുകയായിരുന്നു " എന്ന് പറയാൻ ആഗ്രഹിച്ചെങ്കിലും, ഞാൻ ഒന്നും മിണ്ടിയില്ല.  സത്യായിട്ടും...

അവിടെ നിന്നും പിടിച്ചു വലിച്ചോണ്ടു  ഒരു ഉപകരണത്തിന്റെ മുന്നിൽ കൊണ്ട് പോയി.

ട്രെഡ് മിൽ.
പതുക്കെ..പതുക്കെ..നടന്നു കുറച്ചു കഴിഞ്ഞപ്പോ ഒരു അഹങ്കാരം.അടുത്ത് നിന്നവനോട് സ്പീഡ് അൽപ്പം കൂട്ടി തരുവാൻ പറഞ്ഞു. നടത്തം പിന്നെ ചെറിയ ഓട്ടമായി. അവിടം കൊണ്ടും തീർന്നില്ല. അവസാനം പിറകെ പട്ടി ഓടിക്കാൻ വരുന്നത് പോലെ നാലു കാലും പറിച്ചോടാൻ തുടങ്ങി.

" മഹാ..പാപീ...നിന്റെ ഒരൊറ്റ ഉറപ്പിലാടാ ഞാൻ സ്പീഡ് കൂട്ടാൻ പറഞ്ഞത്.ഞാൻ കരച്ചിലിന്റെ വക്കോളമെത്തി .ഭാഗ്യത്തിന് സ്പീഡ് കുറക്കാനുള്ള ബട്ടണിൽ പിടി കിട്ടിയത് കൊണ്ട് വീഴാതെ രക്ഷപെട്ടു.

എ സി യുടെ 18 ഡിഗ്രി തണുപ്പിലും ഞാൻ കിടന്നു വിയർത്തു കുളികുകയായിരുന്നു. അണച്ചും.. കിതച്ചും.. ഞാൻ അടുത്ത് കണ്ട കസേരയിൽ ഇരിക്കാൻ ശ്രമിക്കുമ്പോളേക്കും മാസ്റ്റർ എത്തി.

" ദേ..ആ കമ്പിയിൽ പിടിച്ചു തൂങ്ങിക്കേ .."

അനുസരിക്കാതെ നിവൃത്തിയില്ല. ഒറ്റ ചാട്ടത്തിനു കമ്പിയിൽ പിടിച്ചു തൂങ്ങി. ഞാൻ സർവ ശക്തിയുമെടുത്ത് പൊങ്ങാൻ ശ്രമിച്ചു. ഒരു 3cm പൊങ്ങി.വീണ്ടും ശ്രമിച്ചു. രക്ഷയില്ല..

" കമോൺ മാൻ. യു കാൻ ഡു ഇറ്റ്.. " 
മാസ്റ്റർ വിളിച്ചു പറയുന്നുണ്ട്.

ഞാൻ വീണ്ടും ശ്രമിച്ചു നോക്കി. പറ്റുന്നില്ല.  എല്ലുകൾ നുറുങ്ങുന്നു.. ഞരമ്പുകൾ പിണയുന്നു... കണ്ണുകൾ നിറയുന്നു. എന്നിട്ടും അഭിമാനത്തെ വിട്ടു കളഞ്ഞില്ല. സർവ ശക്തതിയുമെടുത്ത് ഉയർന്നു.ഉയരാൻ ശ്രമിച്ചു. പകുതിയായപ്പോൾ ചാക്കരി തൂക്കിയിട്ട പോലെ ദേ..പോകുന്നു പിന്നിലേക്ക്.

" ധിം" എന്ന ഒറ്റ ശബ്ദത്തിൽ ഒതുക്കാമായിരുന്ന ആ സംഭവത്തെ അടുത്തുണ്ടായിരുന്ന ടേബിൾ ഫാൻ നിലത്ത് കിടന്നു ഉരുണ്ടു പിരണ്ട്‌..അകെ ബഹളമയമാക്കി .
എല്ലാവരും ഞെട്ടിത്തിരിഞ്ഞു എന്നെ നോക്കി.
അതിനിടയിൽ അടുത്തിരുന്ന ചേട്ടന്റെ മുഖത്ത് കയ്യുടെ മുട്ട് അത്ര മൃദുവല്ലാത്ത രീതിയിൽ സ്പർശിച്ചു. മറുപടിയായി ഉയർന്ന പച്ച മലയാളം ശീലുകൾ ഏത് കവിതയിലെയാണെന്നു ഞാൻ നോക്കിയില്ല.

തലക്കുള്ളിൽ കുഞ്ഞു..കുഞ്ഞു..പൂത്തിരികൾ കത്തുന്ന പോലെ ഒരു ഫീലിംഗ്.കണ്ണിൽ ഇരുട്ട് കയറിയത് പോലെ..

മുഖത്ത് അതി ശക്തമായ് വെള്ളം വന്നു പതിച്ചപ്പോളാണ് വളരെ അപൂർവമായി മാത്രം അനുഭവപ്പെടാറുള്ള ബോധം തിരിച്ചു വന്നത്.

യെസ്..ഇപ്പോൾ എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് കളറിൽ കാണാം.ഏതോ കോമഡി സീൻ ആസ്വദിച്ച മട്ടിൽ ചുറ്റും നിറയെ ആളുകൾ.കോറസ് ആയി പല തരം വൃത്തികെട്ട ശബ്ദത്തിലുള്ള ചിരികൾ.സഹതാപത്തോടെ നോക്കുന്ന ഒരു കണ്ണും ഞാൻ അവിടെ കണ്ടില്ല.

അര മണിക്കൂർ കൊണ്ട് ഞാൻ നോർമൽ ആയി. അപ്പോളേക്കും അത് വരെ ബോഡിയിൽ ഇല്ലാതിരുന്ന ചില " മസിൽസ് " അവിടവിടെയായി പ്രത്യക്ഷപ്പെട്ടിരുന്നു.ചെറുതായി ഒന്ന് അനങ്ങിയാൽ പോലും അതുങ്ങൾ സിഗ്നൽ തരുന്നു. സിഗ്നലുകൾ പല വഴിക്കു സഞ്ചരിച്ച് അവസാനം "ഹമ്മേ..ഹാവൂ... " എന്ന ശബ്ദങ്ങളായി അപ്പോളും പുറത്ത് വരുന്നുണ്ടായിരുന്നു.
Saturday, 27 August 2016 - 28 comments

മുഖം മൂടികള്‍.


പടിഞ്ഞാറന്‍ മാനത്ത് ചെഞ്ചായം കോരിയൊഴിച്ച് സൂര്യന്‍. മന്ദഹസിക്കുന്ന മുഖമായിരുന്നു അന്ന് സൂര്യന്. തെളിഞ്ഞ ആകാശം. അരികിലുള്ള പള്ളികളില്‍  നിന്നും ഒന്നിലേറെ ബാങ്കുകള്‍ പല ഈണത്തിലും താളത്തിലും ഉച്ച ഭാഷിണികളിലൂടെ പുറത്ത് വന്നു കൊണ്ടിരുന്നു.

റോള പാര്‍ക്കിലെ കോൺക്രീറ്റ് ചെയ്ത നടപ്പാതയിലൂടെ പതിവ് പോലെ ഈവനിംഗ് വോക്കിനു ഇറങ്ങിയതാണ്. ഇന്ന് പക്ഷെ വേറൊരു ഉദ്ദേശം കൂടിയുണ്ട്.

ഒരു മുഖം മൂടി വാങ്ങണം.

" എന്താണ് ഭായ് പറ്റിയത്? ഇത്തവണ നിങ്ങൾ നാട്ടിൽ നിന്ന് വന്നതിനു ശേഷം ഞാൻ ശ്രദ്ധിക്കുന്നു.മുഖത്തെ ആ പഴയ പ്രസരിപ്പും ഉത്സാഹവും ഇല്ല. ശരീരത്തിനും ക്ഷീണം ബാധിച്ചിട്ടുണ്ട്. വല്ല അസുഖവുമാണോ? ആകെ ഒരു ടെൻഷൻ പോലെ. "

മനസ്സ് അപ്പോളും സലാമിക്കയുടെ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയായിരുന്നു.

സത്യത്തിൽ, അദ്ദേഹവുമായി എനിക്ക് അടുത്ത ബന്ധം ഒന്നുമില്ല. വല്ലപ്പോളും കാണുമ്പോൾ പറയുന്ന ഒരു  " അസ്സലാമു അലൈക്കും " അതിൽ ഒതുങ്ങുന്നു ഞങ്ങളുടെ അടുപ്പം.

പക്ഷെ, സലാമിക്ക അത് മനസ്സിലാക്കിയിരിക്കുന്നു. 
മുഖം മനസ്സിന്റെ കണ്ണാടിയെന്നു പറയുന്നതെത്ര യാഥാർഥ്യം.

" ടെൻഷൻ അടിച്ചു ആരോഗ്യം നശിപ്പിക്കരുത്. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും നമ്മളെ തിരിച്ചറിയും. എല്ലാം ശെരിയാവും ഭായ്."

ഒരുപാട് തവണ കേട്ടിട്ടുണ്ടെങ്കിലും, കേൾക്കുമ്പോളൊക്കെയും പ്രത്യാശ നൽകുന്ന വാചകം.
" എല്ലാം ശെരിയാകും "

മനസ്സിൽ പുതിയ വെളിച്ചം. തിരിച്ചറിവ് നൽകിയ തിരിച്ചു വരവ്, ജീവിക്കണം...ജീവിക്കും...എല്ലാം നേരിടും. എന്നെങ്കിലും ഒരു പ്രത്യാശയുടെ പുതു വെളിച്ചം കാണും വരെ.

മുഖം മൂടി വിൽക്കുന്ന കടയിൽ അസാധാരണമാം വിധം തിരക്കായിരുന്നു അന്ന്.

കരയുന്ന മുഖത്തിനായ് പിച്ചക്കാരനും...ജനസേവകന്റെ മുഖത്തിനായി അറിയപ്പെടുന്ന റൗഡിയും..തിരക്ക് കൂട്ടുന്നു. ശബ്ദം കേട്ട് നോക്കുമ്പോൾ ആ മൂലയിൽ അതിലേറെ തിരക്കാണ്. കാമുകിമാരുടേതിനും ..കാമുകന്മാരുടേതിനും നല്ല ആവശ്യക്കാരുണ്ട്.

ഞാനും ഒരു മുഖം മൂടി അണിയട്ടെ. എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല,

ഏകാന്തമായ ഒരു പകലിനെ കൂടി കൊന്നു മനസ്സിലെ ഭ്രാന്തൻ ചിന്തകൾക്ക് മേലെ ആത്മ വിശ്വാസത്തിന്റെ മുഖം മൂടിയെടുത്ത് ഞാനണിഞ്ഞു. കരയുന്ന മുഖം കാണരുതെന്ന് കരുതി ചിരിക്കാൻ കരുതിയ കോമാളി മുഖം പക്ഷെ പലപ്പോളും ചിരിക്കാതിരിക്കുന്നു.

ഇനിയൊരു പക്ഷെ വിൽപ്പനക്കാരൻ അണിഞ്ഞിരുന്നതും മുഖം മൂടിയായിരുന്നുവോ??????